കർഷകരുടെ ‘ദില്ലി ചലോ’ മാർച്ചിന് പിന്തുണയുമായി ആം ആദ്മി പാർട്ടി (എഎപി). അന്നദാതാക്കളെ ജയിലിൽ അടയ്ക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി പ്രസ്താവന പുറത്തിറക്കി. ഡൽഹി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശവും എഎപി തള്ളി.
കർഷക മാർച്ചിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാരെ പാർപ്പിക്കുന്നതിനായി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്നു ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനു കത്തെഴുതിയിരുന്നു.
കർഷകരുടെത് ന്യായമായ ആവശ്യമാണ്. ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. കർഷകരെ അറസ്റ്റ് ചെയ്യുന്നത് തെറ്റാണ്. കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
രാജ്യത്തിന് അന്നം വിളമ്പുന്നവരാണ് കർഷകർ. അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നത് മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയാണ്. കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങളുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
അതേസമയം, ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷമുണ്ടായി. ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകവും പ്രയോഗിച്ചു. കർഷകർ സഞ്ചരിച്ച ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാൽനടയായി എത്തുന്ന കർഷകരെയും കസ്റ്റഡിയിൽ എടുക്കുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

