അനന്തു യാത്രയായി; പന്നിക്കെണിയിൽ ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥിക്ക് നാടിന്റെ കണ്ണീരാഞ്ജലി

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ദാരുണമായി മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം കുട്ടിക്കുന്ന് ശ്മശാനത്തിൽ സംസ്‌കരിച്ചു. ആയിരങ്ങളാണ് അനന്തുവിനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തിയത്. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്‌കാരം.

അതേസമയം, അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉൾപ്പെടെ അന്വേഷിക്കും. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

വീട്ടിൽ നിന്ന് ഫുട്‌ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ്, ബന്ധുക്കളായ കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ഇവർ കണ്ടില്ല. അഞ്ച് പേരുടെ സംഘമാണ് അപകടത്തിൽപെട്ടത്.
രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply