അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കിയതിന് എസ്ബിഐക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയമാണ് എസ്ബിഐ, അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഈടാക്കിയത്. പ്രതിവര്‍ഷം 12 രൂപ വീതം അഞ്ചു വര്‍ഷം ഇത്തരത്തില്‍ തുക ഈടാക്കി. അക്കൗണ്ട് ഉടമ ആവശ്യപ്പെട്ടിട്ടും ഈ പണം തിരികെ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി പിഴയിട്ടത്. 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.
കെ. വിശ്വനാഥനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃപ്പൂണിത്തുറ ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് പണം പിടിച്ചകാര്യം പരാതിക്കാരന്‍ അറിഞ്ഞത്. അനുമതി ഇല്ലാതെയുള്ള പ്രീമിയം ഈടാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ 2020ല്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടുവെങ്കിലും ബാങ്ക് തയ്യാറായില്ല. 2021 വരെ പണം പിടിക്കുന്നത് തുടര്‍ന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പണം തിരികെ ലഭിച്ചത്.
ബാങ്കിന്റെ നടപടിമൂലം മാനസിക ബുദ്ധിമുട്ടും ധനനഷ്ടവും ഉണ്ടായെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍ , ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. 2000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

