ക്രിമിനൽ കേസുകളിൽ പ്രതികളായ വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശനം നൽകരുതെന്ന് നിർദേശിച്ച് കേരള സർവകലാശാല സർക്കുലർ പുറത്തിറക്കി. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലാണ് ഇതുസംബന്ധിച്ച സർക്കുലർ അയച്ചത്.
പ്രവേശനം നേടുന്ന വിദ്യാർഥികൾ, തങ്ങൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം (Affidavit) നൽകണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരം വിദ്യാർഥികൾക്കെതിരെ പിന്നീട് നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
വിദ്യാർഥികളുടെ ക്രിമിനൽ പ്രവർത്തനം സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രവേശസമയത്ത് പരിശോധിക്കേണ്ടതെന്നതും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. കോളേജുകളിൽനിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനൽ കേസുകളിൽ പ്രതികളാണോ, സ്ത്രീകൾക്കെതിരേയുള്ള അതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഇത്തരം ഏതെങ്കിലും കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷാക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രാഥമിക പരിശോധനയിൽ വേണ്ടത്. ഇതെല്ലാം ഉൾപ്പെടുത്തിയാകും സത്യവാങ്മൂലം വാങ്ങുക.

