കേരളത്തിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ആധികാരികമായ ഫോട്ടോ പതിച്ച ‘നേറ്റിവിറ്റി കാർഡ്’ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൗരത്വ വിഷയങ്ങളിൽ ഉൾപ്പെടെയുള്ള ഒരു പ്രതിരോധമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഈ പുതിയ തിരിച്ചറിയൽ രേഖയെ വിഭാവനം ചെയ്യുന്നത്. കാർഡിന് ആവശ്യമായ നിയമ പ്രാബല്യം നൽകുന്നതിനായി ഉടൻ കരട് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവർക്ക് അത് നൽകുന്നുണ്ടെങ്കിലും, അതിന് പകരമായി സ്ഥിരമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു കാർഡ് രൂപത്തിലേക്ക് മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും ഒരു ആധികാരിക രേഖയായി ഈ കാർഡ് ഉപയോഗിക്കാം. കാർഡ് സ്വന്തമാക്കുന്നതോടെ ഓരോ തവണയും നേറ്റിവിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന രീതി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ ജനങ്ങൾക്ക് തങ്ങളുടെ ജന്മദേശം തെളിയിക്കുന്നതിന് നിയമപരമായ പിൻബലമുള്ള ഈ കാർഡ് വലിയ സുരക്ഷ ഉറപ്പാക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച കൂടുതൽ മാർഗ്ഗരേഖകൾ ഉടൻ പുറത്തിറക്കും.

