Headlines

എ​ല്ലാ​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന ബജറ്റായിരിക്കും ഇന്നത്തേതെന്ന് ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് രാവിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. തന്‍റെ ആറാമത്തെ ബജറ്റാണ് ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർധന, സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശിക, ശമ്പള പരിഷ്‌കരണം, പുതിയ പെൻഷൻ പദ്ധതി തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക. പിണറായി സർക്കാരിന്‍റെ 10 വർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തും. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഭാഗമായ 63 കിലോമീറ്റർ ഔട്ടർ റിങ് റോഡ് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ബദൽ പ്രഖ്യാപനങ്ങൾ അടക്കം തുടർ വികസന പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും. റബറിന്‍റെ താങ്ങുവില വർധിപ്പിക്കൽ, വയോജന ക്ഷേമ പ്രത്യേക പദ്ധതികൾ, ലൈഫ് മിഷൻ പദ്ധതിയുടെ അടുത്ത ഘട്ട വിഹിതം, യുവാക്കളെ ആകർഷിക്കാനുള്ള സംരഭക പദ്ധതികൾ, ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ തുടങ്ങിയവയും ബജറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.കേന്ദ്ര ബജറ്റിനു മുൻപ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്‍റ്, മറ്റു കേന്ദ്ര വിഹിതങ്ങൾ, കേന്ദ്ര സ്‌കീമുകൾ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തും.

സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.പ്രയോഗിക ബജറ്റായിരിക്കുമെന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണം. വിദേശത്തേക്ക് ആളുകള്‍ പോകുമ്പോള്‍ നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പ്രയോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

Leave a Reply