Headlines

ശബരിമലയിൽ സമാന്തര നെയ് വിൽപന നിരോധിച്ച് ഹൈക്കോടതി; നെയ്യഭിഷേകത്തിന് ടിക്കറ്റ് നിർബന്ധം

ശബരിമലയിലെ സമാന്തര നെയ് വില്‍പന തടഞ്ഞ് ഹൈക്കോടതി. തന്ത്രി, മേൽശാന്തിമാർ, സഹശാന്തിമാർ, ഉൾക്കഴകം എന്നിവരുടെ മുറികളിൽ നിന്ന് അഭിഷേകത്തിനായി നെയ്യ് വാങ്ങുന്നതും കോടതി നിരോധിച്ചു. പാക്ക് ചെയ്തുവെച്ച മുഴുവൻ നെയ്യും ഉടൻ ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്നും കോടതി നിർദേശം നൽകി.

മേൽശാന്തിമാരുടെ മുറികളിൽ നിന്ന് 100 രൂപ നിരക്കിൽ നെയ്യ് വിൽപന നടക്കുന്നതായി സ്പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. ആടിയ ശേഷം ശേഖരിച്ച നെയ്യാണ് ഇത്തരത്തിൽ പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്ന് ദേവസ്വം കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നിലവിൽ സന്നിധാനത്ത് ദേവസ്വം ബോർഡ് തന്നെ ആടിയ നെയ്യ് വിൽപന നടത്തുന്നുണ്ട്. ഇതിന് പുറമെ മേൽശാന്തിമാർ, ഉൾക്കഴകം എന്നിവരുടെ മുറികളിൽ നെയ്യ് വിൽപന നടത്തിയത് തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.

കൂടാതെ, ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മാത്രം മതിയെന്നും കോടതി നിർദേശിച്ചു. തന്ത്രി, മേൽശാന്തിമാർ, ഉൾക്കഴകം എന്നിവർ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുത്. കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണമെന്നും നെയ് തേങ്ങയുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റുകൾ എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന്തര സംവിധാനങ്ങൾ ആവശ്യമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply