കെഎസ്ആര്‍ടിസിയ്ക്ക് 93.72 കോടി രൂപ അനുവദിച്ച് ധനമന്ത്രി; പെൻഷൻ വിതരണത്തിന് 73.72 കോടി

കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിൽ 73.72 കോടി രൂപ പെൻഷൻ വിതരണത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. ബാക്കി 20 കോടി രൂപ കോർപ്പറേഷന്റെ മറ്റ് അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കും. ഈ സാമ്പത്തിക വർഷം ഇതുവരെ 1,201.56 കോടി രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് സഹായമായി നൽകിയത്.

ഈ വർഷത്തെ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ബജറ്റ് വിഹിതത്തേക്കാൾ 301.56 കോടി രൂപ അധികമായി ഇതിനോടകം കോർപ്പറേഷന് ലഭ്യമായിട്ടുണ്ട്. പെൻഷൻ വിതരണത്തിനായി മാത്രം ഈ വർഷം ഇതുവരെ 731.56 കോടി രൂപയും മറ്റ് പ്രത്യേക സഹായങ്ങളായി 470 കോടി രൂപയും സർക്കാർ നൽകിക്കഴിഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ ആകെ 8,027.72 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സഹായമായി ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ 5,002 കോടി രൂപ കൂടി ചേർത്താൽ എൽ.ഡി.എഫ് സർക്കാരുകൾ ആകെ 13,029.72 കോടി രൂപ കോർപ്പറേഷന് നൽകി. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അഞ്ച് വർഷത്തിനിടെ നൽകിയത് 1,467 കോടി രൂപ മാത്രമാണെന്നും മന്ത്രി കണക്കുകൾ ഉദ്ധരിച്ച് വ്യക്തമാക്കി.

Leave a Reply