Headlines

പഠനത്തോടൊപ്പം സമ്പാദിക്കാം; വിദ്യാർത്ഥികൾക്ക് 40,000 രൂപ വരെ വരുമാനം ഉറപ്പാക്കി കേരള ഡിജിറ്റൽ സർവകലാശാല

കേരള ഡിജിറ്റൽ സർവകലാശാലയുടെ (DUK) അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ കോഴ്‌സുകൾക്കൊപ്പം വിദ്യാർത്ഥികൾക്ക് മികച്ച വരുമാനവും പ്രായോഗിക തൊഴിൽ പരിശീലനവും നൽകുന്ന സർവകലാശാലയുടെ മാതൃക ശ്രദ്ധേയമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്നതിനാൽ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മാസം 10,000 രൂപ മുതൽ 40,000 രൂപ വരെ സ്റ്റൈപ്പൻഡായി നേടാൻ സാധിക്കും.

ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി എഐ ഹാക്കത്തോൺ, ക്വിസ് മത്സരങ്ങൾ, സ്കൂൾ കുട്ടികൾക്കുള്ള എഐ പരിശീലനം, പാനൽ ചർച്ചകൾ എന്നിവ നടക്കും. കൂടാതെ ഫിലിം മേക്കിങ് ശിൽപശാലയും ഫിലിം ഫെസ്റ്റിവലും ആഘോഷത്തിന്റെ ഭാഗമാണ്.

അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ 27 പേറ്റന്റുകൾ സ്വന്തമാക്കി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് സർവകലാശാല കൈവരിച്ചിരിക്കുന്നത്. അധ്യാപകർ ദേശീയ-അന്തർദേശീയ പ്രോജക്റ്റുകളിൽ സജീവമാണെന്നും ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഐടി സെക്രട്ടറി സാംബശിവ റാവു തുടങ്ങിയ പ്രമുഖർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഡിജിറ്റൽ സർവകലാശാലയെ സംസ്ഥാനത്തിന്റെ നോളജ് ഇക്കണോമിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വിശേഷിപ്പിച്ചിരുന്നു.

Leave a Reply