കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ഇന്ന് ആവേശത്തുടക്കം. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് മാറ്റുരക്കുന്ന ടീമുകൾ. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലവും കാലിക്കറ്റുമാണ് ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 2.30നുള്ള ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. കളിക്ക് ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറും. തുടർന്ന് 7.45ന് ട്രിവാൻഡ്രവും കൊച്ചിയും തമ്മിൽ രണ്ടാം മത്സരം നടക്കും. ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകീട്ട് 6.45നാണ് രണ്ടാം മത്സരം. ലീഗ് ഘട്ടത്തിൽ ഓരോ ടീമും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയൻറുള്ള നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ. ഏഴിന് ഫൈനൽ പോരാട്ടവും അരങ്ങേറും.
കഴിഞ്ഞ സീസണിലെ കരുത്തരെ നിലനിർത്തിയും വിഷ്ണു വിനോദിനെയും എം.എസ്. അഖിലിനെയും പോലുള്ള പുതിയ താരങ്ങളെ ഉൾപ്പെടുത്തിയും കൂടുതൽ കരുത്തോടെയാണ് കൊല്ലം സെയിലേഴ്‌സ് ഇത്തവണ ടൂർണമെൻറിനെത്തുന്നത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും ഷറഫുദ്ദീനും അഭിഷേക് ജെ. നായരും വത്സൽ ഗോവിന്ദും ബിജു നാരായണനും തുടങ്ങി പ്രതിഭകളുടെ നീണ്ട നിര തന്നെ കൊല്ലം ടീമിലുണ്ട്. മറുവശത്ത് കാലിക്കറ്റും കരുത്തരാണ്. രോഹൻ കുന്നുമ്മൽ നയിക്കുന്ന ടീമിൽ സൽമാൻ നിസാർ, അഖിൽ സ്‌കറിയ, അൻഫൽ പള്ളം തുടങ്ങിയവരാണ് ശ്രദ്ധേയ താരങ്ങൾ.
രണ്ടാം മത്സത്തിൽ ഏറ്റുമുട്ടുന്ന ട്രിവാൻഡ്രവും കൊച്ചിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകളാണ്. സാലി വിശ്വനാഥ് നയിക്കുന്ന കൊച്ചിയുടെ പ്രധാന കരുത്ത് സഞ്ജു സാംസൻറെ സാന്നിധ്യം തന്നെ. ടൂർണമെൻറിന് മുന്നോടിയായുള്ള പ്രദർശന മത്സരത്തിലൂടെ താൻ ഫോമിലാണെന്ന് സഞ്ജു വ്യക്തമാക്കിക്കഴിഞ്ഞു.കൃഷ്ണപ്രസാദ് എന്ന പുതിയ ക്യാപ്റ്റന് കീഴിലാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസിൻറെ വരവ്. അബ്ദുൽ ബാസിത്, ഗോവിന്ദ് പൈ, എസ്. സുബിൻ, റിയ ബഷീർ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയൽസിൻറേത്. ബേസിൽ തമ്പിയുടെയും വി. അജിത്തിൻറെയും വരവോടെ ബൗളിങ് നിരയും ശക്തം. ആദ്യ സീസണെ അപേക്ഷിച്ച് കൂടുതൽ തയാറെടുപ്പുകളോടെയും പുതുമകളോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്. അമ്പയർമാരുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡി.ആർ.എസ് സംവിധാനം ഇത്തവണ കെ.സി.എല്ലിലുണ്ട്.

