Headlines

നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; ശബരിമല സ്വർണ്ണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും സഭയെ പ്രക്ഷുബ്ധമാക്കും

ഇടവേളയ്ക്ക് ശേഷം കേരള നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കുന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദവും തന്ത്രിയുടെ അറസ്റ്റും ആയുധമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ചോദ്യോത്തര വേളയിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർത്താൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.

തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ച നടപടി പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം, സഭയിൽ ഇന്ന് നേറ്റിവിറ്റി ബില്ല് പരിഗണിക്കുകയും തുടർന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്യും. നിലവിൽ മാർച്ച് 26 വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ നേരത്തെ പിരിയാനാണ് (ഗില്ലറ്റിൻ) സാധ്യത.

നിയമസഭയ്ക്ക് പുറത്ത് ഭരണ-പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്താൻ സാധ്യതയുള്ളതിനാൽ തലസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ‘പുതുയുഗ യാത്ര’യിൽ ആയതിനാൽ ഇന്ന് സഭയിൽ എത്തിയേക്കില്ല.

Leave a Reply