കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ; മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ആരോപണം

കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെ മരിച്ച നിലയിൽ കണ്ടെത്തി. ദുരന്തത്തിന് കാരണം മുൻ മന്ത്രിയും കരൂർ എംഎൽഎയുമായ സെന്തിൽ ബാലാജിയും പോലീസുമാണെന്ന് അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. വിജയ് പ്രസംഗിക്കുന്നതിനിടെ സെന്തിൽ ബാലാജിയെ വിമർശിച്ചിരുന്നു. ഈ സമയത്തുണ്ടായ വൈദ്യുതി മുടക്കം ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നും ഇതിൽ പോലീസിനും പങ്കുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

അതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവികെയ്ക്കും വിജയിക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടതിന് പിന്നാലെയാണ് അറസ്റ്റ്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ നിലവിൽ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

ഉച്ചയ്ക്ക് തുടങ്ങേണ്ട റാലിയിൽ മനഃപൂർവം മണിക്കൂറുകൾ വൈകിയെത്തിയ വിജയ് പരിപാടിയെ ജനക്കൂട്ടത്തെ ആകർഷിക്കാനും ശക്തി പ്രകടനത്തിനുമുള്ള ഉപാധിയായി കണ്ടതാണ് അപകടത്തിന് കാരണമായതെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ വിജയിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply