Headlines

മധുരം കഴിക്കൂ…ഇന്ന് ലോക ചോക്ലേറ്റ് ദിനം

ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നു. കൊക്കോ ബീൻസിൽ നിന്ന് ഉത്ഭവിച്ച്, കാലങ്ങളായി വിവിധ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി മാറിയ ചോക്ലേറ്റിന് അതിന്റേതായ ഒരു ചരിത്രമുണ്ട്.

ചോക്ലേറ്റിന്റെ ചരിത്രം 4,000 വർഷങ്ങൾക്ക് മുൻപ് മെസോഅമേരിക്കയിലേക്ക് നീളുന്നു. മായൻ സംസ്‌കാരവും ആസ്‌ടെക് സംസ്‌കാരവുമാണ് കൊക്കോയെ ആദ്യമായി കണ്ടെത്തി ഉപയോഗിച്ചത്. അവർ ചോക്ലേറ്റിനെ ‘ദൈവങ്ങളുടെ ഭക്ഷണം’ എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ഇന്നത്തെപ്പോലെ മധുരമുള്ള രൂപത്തിലായിരുന്നില്ല ചോക്ലേറ്റ്. മറിച്ച്, കയ്പുള്ള ഒരു പാനീയമായാണ് അവർ ഇത് ഉപയോഗിച്ചിരുന്നത്. പിന്നീട്, 16-ാം നൂറ്റാണ്ടിൽ സ്പാനിഷ് സഞ്ചാരികൾ കൊക്കോയെ യൂറോപ്പിലേക്ക് കൊണ്ടുവന്നു. അവിടെ നിന്നാണ് ചോക്ലേറ്റ് ഇന്ന് നാം കാണുന്ന മധുരമുള്ള രൂപത്തിലേക്ക് മാറിയത്.

ഇന്ന് ചോക്ലേറ്റ് എന്നത് കേവലം ഒരു മധുരം മാത്രമല്ല. ഇത് സന്തോഷം, ആശ്വാസം, സ്‌നേഹം എന്നിവയുടെ പ്രതീകം കൂടിയാണ്. ഒരു ചെറിയ ചോക്ലേറ്റ് കഷ്ണം പോലും ഒരു ദിവസത്തെ മുഴുവൻ മാനസികാവസ്ഥ മാറ്റാൻ കഴിയും. ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും സന്തോഷ ഹോർമോണുകളായ എൻഡോർഫിനുകൾ പുറത്തുവിട്ട് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

എന്തുകൊണ്ടാണ് ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്?

കൊക്കോ മരങ്ങളിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ ഫാക്ടറികളിലേക്കെത്തുന്ന ഇവ യൂറോപ്പിലെ കർഷകർക്ക് പ്രതീക്ഷയുടെ രുചിയാണ്. അതുകൊണ്ടു തന്നെയാവണം ആദ്യമായി യൂറോപ്പിൻറെ മണ്ണിലെത്തിയ മധുരത്തിൻറെ വാർഷികമെന്നോണം 2009 മുതൽ ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നതും. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികത്തെ അനുസ്മരിക്കുന്നതിനാലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ജൂലൈ 7 തിരഞ്ഞെടുത്തത്. ചോക്ലേറ്റിന്റെ യഥാർത്ഥ രൂപം സൃഷ്ടിച്ച മെക്‌സിക്കോയിൽ നിന്നുള്ള ആസ്‌ടെക് ഗോത്രത്തിന് ആദരവായും ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. 1519-ൽ, ആസ്‌ടെക് ചക്രവർത്തി സ്പാനിഷ് പര്യവേക്ഷകനായ ഹെർണാൻ കോർട്ടെസിന് Xocolatl എന്ന ചോക്ലേറ്റ് അധിഷ്ഠിത പാനീയം സമ്മാനിച്ചുവത്രേ. അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ചോക്ലേറ്റ് എന്ന മധുരത്തെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1800-കളിൽ ഖരരൂപത്തിലുള്ള ചോക്ലേറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ഇവ യൂറോപ്പിലുടനീളം ചോക്ലേറ്റിന്റെ ജനപ്രീതി നേടുകയും ഒടുവിൽ അത് ഇന്ന് നമുക്കറിയാവുന്ന പ്രിയപ്പെട്ട സ്വീറ്റായി മാറുകയും ചെയ്തു.

എല്ലാവർക്കും മധുരമുള്ള ലോക ചോക്ലേറ്റ് ദിനാശംസകൾ!

Leave a Reply