Headlines

മാധ്യമ പ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി വർദ്ധിപ്പിക്കും; വീണ്ടും പ്രഖ്യാപനവുമായി നിതീഷ് കുമാർ

ബിഹാറിൽ അം​ഗീകൃത മാധ്യമ പ്രവർത്തകർക്ക് നൽകി വരുന്ന പെൻഷൻ തുകയിൽ വർദ്ധന വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ.  നിലവിൽ, ബിഹാർ പത്രകർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം യോഗ്യരായ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ 6,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്താനാണ് നിതീഷ് കുമാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

മാത്രമല്ല, ഈ പദ്ധതിയിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകർ മരണപ്പെട്ടാൽ, അവരുടെ ആശ്രിതരായ പങ്കാളിക്ക് (ഭർത്താവിനോ ഭാര്യക്കോ) ലഭിക്കുന്ന പ്രതിമാസ പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്. 3,000 രൂപയായിരുന്നത് ഇനി മുതൽ 10,000 രൂപയായി ആജീവനാന്തം ലഭിക്കും. നിതീഷ് കുമാർ തന്റെ ‘എക്‌സ്’ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകർക്ക് നിർണായകമായ പങ്കുണ്ടെന്ന് നിതീഷ് കുമാർ എടുത്തുപറഞ്ഞു. ‘ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് അവർ. സാമൂഹിക വികസനത്തിൽ അവർക്ക് ഒരു പ്രധാന പങ്കുണ്ട്. പത്രപ്രവർത്തകർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാനും വിരമിച്ചതിനുശേഷം മാന്യമായ ജീവിതം നയിക്കാനും കഴിയുന്ന തരത്തിൽ, തുടക്കം മുതൽ തന്നെ അവരുടെ സൗകര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply