Headlines

ഝാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറൻ അന്തരിച്ചു

ഝാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറൻ അന്തരിച്ചു. 62 വയസ്സായിരുന്നു. ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഓഗസ്റ്റ് 2 ന് വസതിയിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎംഎം നേതാവ് രാംദാസിനെ ജംഷഡ്പൂരിൽ നിന്ന് ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതൽ രാംദാസ് സോറൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പടെയുള്ളവർ വിദ്യാഭ്യാസമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

1963 ജനുവരി 1-ന് കിഴക്കൻ സിംഗ്ഭൂം ജില്ലയിലെ ഘോരബന്ധ ഗ്രാമത്തിലാണ് രാംദാസ് സോറന്റെ ജനനം. ഘോരബന്ധ പഞ്ചായത്തിലെ ഗ്രാമപ്രധാൻ എന്ന നിലയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട്, ഹേമന്ത് സോറൻ മന്ത്രിസഭയിലെ മുതിർന്ന നേതാക്കളിൽ ഒരാളായി മാറി.

ഘാട്സില നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാംദാസ്, മുൻ മുഖ്യമന്ത്രി ചമ്പായ് സോറന്റെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ ബാബുലാൽ സോറനെ പരാജയപ്പെടുത്തിയാണ് മൂന്നാം വിജയം നേടിയത്. സംസ്ഥാനത്തെ ഗോത്രവർഗ്ഗ അവകാശങ്ങൾക്കും വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കും വേണ്ടി നിലകൊണ്ട ശക്തമായ ശബ്ദമായിരുന്നു രാംദാസ് സോറനെന്ന് ജെഎംഎം നേതാക്കൾ അനുസ്മരിച്ചു.

Leave a Reply