ദീർഘകാല പ്രവാസിയും പത്രപ്രവർത്തകനും പ്രമുഖ എഴുത്തുകാരനുമായ ജലീൽ രാമന്തളി അന്തരിച്ചു . 70 വയസ്സായിരുന്നു . ഇന്ന് പുലർച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അബ്‌ദുൾ റഹിമാൻ ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ദീർഘകാലം ചന്ദ്രിക ദിനപത്രത്തിനു വേണ്ടി പ്രവർത്തിച്ചു . നിരവധി പുസ്തകങ്ങളുടെ രചയിതാവാണു . സംസ്ക്കാരം ഇന്ന് അസറ് നിസ്ക്കാരത്തിനു ശേഷം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും . ഭാര്യ റഹീമ. മക്കൾ സാമിന, അമീന, സൽവ.പരേതയായ അഫീഫ. മരുമക്കൾ സലാം കുഞ്ഞി മംഗലം,അബ്‌ദുൾ ഖാദർ, അറഫാത്ത് (ഇരുവരും രാമന്തളി)
അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി യുടെ സ്ഥാപക നേതാവും കൂടിയാണ് ദീർഘ കാലം അബുദാബിയിൽ ജോലി ചെയ്തിരുന്ന ജലീൽ രാമന്തളി. യു. എ. ഇ. യുടെ രാഷ്ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായനക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

പ്രവാസികളുടെ യഥാർത്ഥ ജീവിതം വരച്ചു കാട്ടുന്ന മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു. സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഗൾഫ് ചന്ദ്രിക അബുദാബി ബുറോ ചീഫ് ആയിരുന്നു. ലീഗ് ടൈംസിൽ ഫ്രൈഡേ ഫീച്ചർ, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവയിൽ വര്ഷങ്ങളോളം സ്ഥിരമായി എഴുതിയിരുന്നു. നിരവധി സീരിയലുകൾ, ഡോക്യൂമെന്ററികൾ, ആൽബങ്ങൾ, റേഡിയോ എന്നിവയിലും പ്രവർത്തിച്ചു.
നിലത്തുള്ളികളുടെ പുരാവൃത്തം, സ്നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ,അഭയം തേടി, നേർച്ച വിളക്ക്. ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ തുടങ്ങിയവ പ്രധാന കൃതികളാണ്. .പ്രവാസ തുടിപ്പുകൾ എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.ദീർഘ കാലം അബുദാബി മുസ്ലിം റൈറ്റേഴ്സ് ഫോറം ഭാരവാഹി, അബുദാബി തുഹ്ഫ മിഷൻ ജനറൽ കൺവീനർ, കാഞ്ഞങ്ങാട് പി. പി. കുഞ്ചബ്ദുല്ല ഫൗണ്ടേഷൻ ഫോറം സെക്രട്ടറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

