Headlines

ഗാസ ആക്രമണം: സഹായക്കപ്പലുകൾ പിടിച്ചെടുത്തു, ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ഗാസ മുനമ്പിലേക്കുള്ള സഹായവസ്തുക്കളുമായി എത്തിയ എട്ട് കപ്പലുകൾ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. കപ്പലിൽ ഉണ്ടായിരുന്നവരിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗും ഉൾപ്പെടുന്നുവെന്നും ഇവരെ സൈന്യം കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുകളുണ്ട്. ഹമാസിന്റെ നിലപാട് കാത്തിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതിക്കിടെയാണ് ഇസ്രയേൽ ഗാസയിലെ ആക്രമണം കൂടുതൽ കടുപ്പിച്ചത്.

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ എട്ട് ബോട്ടുകളാണ് ഇസ്രയേൽ സൈന്യം തടഞ്ഞത്. ഡെയർ യാസിൻ/മാലി, ഹുഗ, സ്പെക്ടർ, അഡാര, അൽമ, സിറിയസ്, അറോറ, ഗ്രാൻഡെ ബ്ലൂ എന്നീ കപ്പലുകളാണ് പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഫ്ലോട്ടില്ലയെ തടയരുതെന്ന യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബനീസ്, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവരടക്കമുള്ളവരുടെ അന്താരാഷ്ട്ര സമ്മർദ്ദം തള്ളിക്കൊണ്ടാണ് ഇസ്രയേലിന്റെ ഈ നടപടി.

അതിനിടെ, ഇസ്രയേൽ സൈന്യം ഗാസ സിറ്റി വളഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗരം വിടാനുള്ള അവസാന മുന്നറിയിപ്പാണ് സൈനിക നടപടിക്ക് പിന്നാലെ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഗാസയിലുള്ളവർക്ക് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം ഇസ്രയേൽ ആക്രമണത്തിൽ 65 പേർ കൊല്ലപ്പെട്ടു. റെഡ് ക്രോസ് ഇവിടുത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഗസ്സ നഗരം പൂർണമായും പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നഗരത്തിലേക്കുള്ള റോഡുകൾ ഉൾപ്പെടെ ഇസ്രയേൽ സൈന്യം അടച്ചിട്ടുണ്ട്.

Leave a Reply