പലസ്തീൻ ട്രഷറിക്ക് സഹായമായി സൗദി അറേബ്യ ഒമ്പത് കോടി ഡോളർ കൂടി കൈമാറി. ജോർദാനിലെ സൗദി എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ, ജോർദാനിലെ സൗദി അംബാസഡറും പലസ്തീനിലെ നോൺ-റസിഡൻ്റ് അംബാസഡറുമായ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ ആലു സഊദ്, പലസ്തീൻ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഇസ്തിഫാൻ സലാമക്ക് സൗദി ഗ്രാൻ്റ് കൈമാറുകയായിരുന്നു. ഈ വർഷം മുമ്പ് നൽകിയ സഹായത്തിൻ്റെ തുടർച്ചയാണിത്.
അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ്, പലസ്തീൻ ജനതയെയും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ന്യായമായ അവകാശങ്ങളെയും സൗദി അറേബ്യ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ഈ വിഷയത്തിൽ സൗദിയുടെ ഉറച്ചതും ചരിത്രപരവുമായ പ്രതിബദ്ധതയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ ഗവൺമെൻ്റിൻ്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ സഹായിക്കുന്നതിനാണ് ഈ സഹായം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അത്യന്തം പ്രയാസമേറിയ ഈ സാഹചര്യത്തിൽ സൗദിയുടെ ഈ സഹായം സാമ്പത്തിക സ്ഥിരതയെ ശക്തിപ്പെടുത്തുമെന്ന് പലസ്തീൻ വൈസ് പ്രസിഡൻ്റ് ഹുസൈൻ അൽ ശൈഖ് പ്രസ്താവിച്ചു. പലസ്തീൻ ജനതയോടുള്ള സൗദിയുടെ ഉറച്ച നിലപാടുകളെയും അവകാശങ്ങൾക്കായുള്ള പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

