ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 32 പേർ കൊല്ലപ്പെട്ടു

ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ തിരിച്ചടിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സൈന്യം ആക്രമണം ആരംഭിച്ചത്. രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രായേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് നെതന്യാഹു ഉത്തരവിട്ടത്. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സൈനിക വക്താവ് സ്ഥിരീകരിച്ചു.

ഇസ്രായേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു. ഇസ്രായേൽ സേന സ്‌കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇസ്രായേൽ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിക്കുകയും വെടിനിർത്തലിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിക്കുകയും ചെയ്തു. 20 ദിവസത്തെ വെടിനിർത്തലിന് ശേഷമാണ് മേഖലയിൽ വീണ്ടും സമാധാനാന്തരീക്ഷം തകർന്നത്. എന്നാൽ, വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും, തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രായേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

തുടർച്ചയായ ബോംബാക്രമണവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് ഗാസയിലെ സിവിൽ പ്രതിരോധ ഏജൻസി വക്താവ് അറിയിച്ചു. കാണാതായവരിൽ ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉള്ളതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികരെ ആക്രമിച്ചതിന് ഹമാസ് വലിയ വില നൽകേണ്ടി വരുമെന്നാണ് ഇസ്രായേൽ സേനയുടെ പ്രതികരണം.

ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസും ഇസ്രായേലും തമ്മിൽ തുടക്കം മുതൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹം എന്ന് പറഞ്ഞാണ് ഇത് കൈമാറിയത്. കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നും മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ലെന്ന് വരുത്തിത്തീർക്കാനും കുഴിച്ചെടുക്കാൻ സമയം വേണമെന്ന് കാണിക്കാനുമാണ് ഈ ശ്രമമെന്നും ഇസ്രായേൽ വാദിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply