എയർ അറേബ്യ വിമാനം റദ്ദാക്കി; മലയാളികൾ ഉൾപ്പെടെ 160 യാത്രക്കാർ രണ്ട് ദിവസമായി ബാക്കു വിമാനത്താവളത്തിൽ

അസർബൈജാൻ സന്ദർശനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള 160 ഷാർജ യാത്രക്കാർ രണ്ട് ദിവസമായി ബാക്കുവിലെ (അസർബൈജാൻ) വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. നവംബർ 30-ന് വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ജി9 301 (G9 301) വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.

കോഴിക്കോട് നിന്നുള്ള 23 പേരും ഈ സംഘത്തിലുണ്ട്. ഒരാഴ്ചത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങാനായി 30-ന് ഉച്ചയോടെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു യാത്രക്കാർ. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. രണ്ട് തവണ നൽകിയ സമയത്തും വിമാനം പുറപ്പെടാതെ വന്നതോടെ, എട്ട് മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

എന്നാൽ, തിങ്കളാഴ്ചയും മൂന്ന് തവണ സമയം മാറ്റി നൽകിയെങ്കിലും വിമാനം പുറപ്പെട്ടില്ല. നിലവിൽ ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6 മണിക്ക് വിമാനം പുറപ്പെടുമെന്ന മെയിൽ സന്ദേശമാണ് യാത്രക്കാർക്ക് ലഭിച്ചിട്ടുള്ളത്. എയർ അറേബ്യയുടെ പ്രതിനിധികളാരും യാത്രക്കാരെ നേരിൽ കണ്ട് വിവരങ്ങൾ കൈമാറുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മെയിൽ വഴിയാണ് വിവരങ്ങളെല്ലാം ലഭിക്കുന്നത്.

ഡിസംബർ 1-ന് രാത്രി 10-നും, തുടർന്ന് 2-ന് പുലർച്ചെ 2-നും 6-നും പുറപ്പെടുമെന്ന അറിയിപ്പുകൾ ലഭിച്ചതിനാൽ ഹോട്ടൽ മുറിയിൽ പോലും സമാധാനത്തോടെ വിശ്രമിക്കാൻ സാധിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ചെറിയ കുട്ടികളും രോഗികളും ഉൾപ്പെടെയുള്ളവർ യാത്രാ സംഘത്തിലുണ്ട്. ഇവരിൽ 50-ഓളം പേർ മലയാളികളാണ്. തിങ്കളാഴ്ച ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്ന ചിലർ മറ്റ് ടിക്കറ്റുകൾ എടുത്ത് യാത്ര തുടർന്നു. എയർ അറേബ്യ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply