ഖത്തർ വാഗ്ദാനം ചെയ്ത ആഢംബര ജെറ്റ് ഔദ്യോഗികമായി സ്വീകരിച്ച് യുഎസ്എ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ എയർ ഫോഴ്‌സ് വണിന് പകരമായി ഈ വിമാനം ഉപയോഗിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കൈപ്പറ്റിയ വിമാനം പ്രസിഡൻറിൻറെ ഔദ്യോഗിക ആവശ്യത്തിനുള്ള എയർ ഫോഴ്‌സ് വൺ ആക്കി ഉപയോഗിക്കുമെന്ന് പെൻറഗൺ സ്ഥിരീകരിച്ചു.
പ്രതിരോധ സെക്രട്ടറി ബോയിങ് 747 വിമാനം ഖത്തറിൽ നിന്ന് എല്ലാ ഫെഡറൽ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സ്വീകരിച്ചതായി ചീഫ് പെൻറഗൺ വക്താവ് സീൻ പാർനൽ പറഞ്ഞു. എയർ ഫോഴ്‌സ് വൺ ഫ്‌ലീറ്റിലേക്ക് ഉൾപ്പെടുത്താൻ വേണ്ട ആവശ്യകതകൾക്ക് അനുസരിച്ച് ബോയിംഗ് 747-8 ജെറ്റിൽ മാറ്റങ്ങൾ വരുത്തും. ഖത്തറിൻറെ ഈ സമ്മാനം നിയമപരമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ട്രംപിന് ഖത്തർ നൽകുന്ന ഈ സമ്മാനത്തിൻറെ വിവരം വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
അവർ നമുക്കൊരു സമ്മാനം നൽകുകയാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ വിഡ്ഢിത്തം ആകുമെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. പ്രസിഡൻറിൻറെ ഉപയോഗത്തിനായുള്ള 2 എയർ ഫോഴ്‌സ് വൺ വിമാനങ്ങൾക്ക് 35 കൊല്ലത്തെ പഴക്കമുണ്ട്. അതേസമയം ഖത്തർ സമ്മാനമായി നൽകിയ ബോയിങ്ങിന് 13 കൊല്ലത്തെ പഴക്കമേയുള്ളൂ. ഇതിനെ എയർ ഫോഴ്‌സ് വൺ ആയി പുതുക്കിയെടുക്കാൻ 100 കോടി ഡോളറെങ്കിലും വേണ്ടിവരും. എന്നാൽ പുതിയൊരു ബോയിങ് 747 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. പുതിയ വിമാനം ലഭിക്കാനുള്ള കാലതാമസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഖത്തറിൻറെ സമ്മാനം സ്വീകരിച്ചത്.
ഖത്തർ രാജകുടുംബം സമ്മാനമായി നൽകുന്ന എയർക്രാഫ്റ്റിന് ഏകദേശം 400 മില്ല്യൺ ഡോളർ (40 കോടി ഡോളർ) വില വരുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപിൻറെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നാണ് വിവരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

