‘എന്നെ വകവരുത്തിയാൽ പിന്നെ ഇറാൻ ഉണ്ടാവില്ല ‘; ഇറാനെതിരെ ഉപരോധം കർശനമാക്കുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച് ഡൊണാൾഡ് ട്രംപ്

എന്നെ വകവരുത്തിയാല്‍ പിന്നെ ഇറാന്‍ ഉണ്ടാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്‍റെ ഭീഷണി. നയങ്ങള്‍ കര്‍ശനമാക്കാനും പുതിയ നയങ്ങള്‍ രൂപപ്പെടുത്താനുമുള്ള എല്ലാ നടപടികളും അമേരിക്ക തുടങ്ങിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ നടപടിയില്‍ എനിക്ക് വിഷമമുണ്ട്. അവരെ സംബന്ധിച്ച് ഇത് വളരെ കഠിനമായിരിക്കും. എന്നാല്‍ എല്ലാവരും ഞാന്‍ ഉപരോധത്തിൽ ഒപ്പുവെക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഉപോരധമല്ലാതെ എനിക്ക് മറ്റു മാര്‍ഗങ്ങളില്ല. ഞങ്ങള്‍ക്ക് ശക്തരായി തുടരണം. ഇറാന്‍ എന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ പിന്നെ ആ രാജ്യം തന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിക്കഴിഞ്ഞുവെന്നും ട്രംപ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച്കൊണ്ട് പറഞ്ഞു. യുഎസ് ഗവണ്‍മെന്‍റിന്‍റെ എല്ലാ വകുപ്പുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ പ്രസിഡന്‍റായിരുന്നപ്പോള്‍ ഇറാനെതിരെ കൈക്കൊണ്ട നടപടികള്‍ നിലവില്‍ വീണ്ടും കര്‍ശനമാക്കുമെന്നും ട്രംപ് വ്യക്തമാക്കി

ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ അമേരിക്കയും ഇസ്രയേലും പദ്ധതിയിടുന്നു എന്ന വാര്‍ത്തയ്ക്ക് ഇറാന്‍ ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഏതൊരാക്രമണവും യുദ്ധത്താലാണ് അവസാനിക്കുകയെന്നാണ് ഇറാന്‍റെ താക്കീത്. നീക്കം അമേരിക്കന്‍ ചരിത്രത്തിലെ തന്നെ അബദ്ധമായിരിക്കും. അതിന് അമേരിക്ക മുതിരുമെന്ന് തോന്നുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും നീക്കം ഉണ്ടായാല്‍ പ്രത്യാക്രമണത്തിന് പണ്ടത്തെപോലെ കാലതാമസം ഉണ്ടാകിലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *