സന്ദർശക വിസ തട്ടിപ്പിൽ കുടുങ്ങിയവർക്ക് ഉൾപ്പെടെ ആശ്വാസം, നാട്ടിലേക്ക് മടങ്ങാൻ അവസരം, മലേഷ്യയിൽ പൊതുമാപ്പ്

സാധുവായ പാസ്പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായി താമസിച്ചു വരുന്ന വിദേശികൾക്ക് അതത് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ മൈഗ്രൻറ് റീപാട്രിയേഷൻ പ്രോഗ്രാം-2 എന്ന പേരിൽ മലേഷ്യൻ ഭരണകൂടം ഈ വർഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസാ തട്ടിപ്പുമൂലം മലേഷ്യയിൽ കുടുങ്ങി കിടക്കുന്നവർക്ക് പൊതുമാപ്പ് ആശ്വാസകരമാകും.

അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് ഈ വർഷം മേയ് 19 മുതൽ അടുത്ത വർഷം ഏപ്രിൽ 30 വരെ ശിക്ഷാ നടപടികൾ കൂടാതെ രാജ്യം വിടാനാകും. ഒറിജിനൽ പാസ്‌പോർട്ടിനോടൊപ്പം മാതൃ രാജ്യത്തേക്ക് യാത്ര പുറപ്പെടാനുള്ള വിമാന ടിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. സന്ദർശക വിസയുടെ മറവിൽ തട്ടിപ്പിനിരയായ നിരവധിപേർ താമസ രേഖകളില്ലാതെ മലേഷ്യയുടെ വിവിധ മേഖലകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. രാജ്യം വിടാൻ ജയിൽ വാസവും, പിഴയും ഒടുക്കേണ്ടിവരുമെന്നതിനാൽ പൊതുമാപ്പിനു വേണ്ടി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. രാജ്യത്തുടനീളം പതിനാല് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസുകളാണ് പൊതുമാപ്പിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ സജ്ജീകരിച്ചിരിക്കുന്നത്.

മുൻകൂർ അപ്പോയ്ന്റ്മെന്റുകൾ ഇല്ലാതെ തന്നെ അപേക്ഷകർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എൻഫോഴ്‌സ്‌മെന്റ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാനാകും. അഞ്ഞൂറ് മലേഷ്യൻ റിങ്കിറ്റാണ് അപേക്ഷാ ഫീസ്. ഫീസൊടുക്കാൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ടിഎൻജി വാലറ്റ് എന്നീ പേയ്മെന്റ് രീതികൾ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും മലേഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് ഔട്ട് പാസിനായി ഇന്ത്യൻ എംബസിയെ സമീപിക്കാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply