വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്; ഈ മാസം അവസാനം ഇന്ത്യയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനം സന്ദർശനത്തിന് എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനം. നവംബർ 17ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്.

അധികാരമേറ്റ ശേഷം തുർക്കിയിലും, യുഎഇയിലും മുഹമ്മദ് മുയിസു സന്ദർശനം നടത്തിയിരുന്നു. ജനുവരി 8 മുതൽ 12 വരെ മുഹമ്മദ് മുയിസു ചൈനയിലേക്കും പോകും. ഇതിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുക. യുഎഇയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പുകൾ വൻ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. മന്ത്രിമാരുടെ പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ കഴിഞ്ഞദിവസം ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു.

മന്ത്രിമാർ പറഞ്ഞത് തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് സർക്കാർ വ്യക്തമാക്കി. മോദിക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തിയ മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply