വിമാനത്തിൽ വെച്ച് സഹയാത്രക്കാരനെ ബലമായി ചുംബിക്കാനും ആലിംഗനം ചെയ്യാനും ശ്രമിക്കുകയും ഇത് തടഞ്ഞപ്പോൾ വലിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്ത യുവതിക്ക് വൻതുക പിഴ. അമേരിക്കയിൽ ലാസ് വേഗസിൽ നിന്ന് അറ്റ്‌ലാന്റയിലേക്ക് പറക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. യുവതി വിമാനത്തിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചിലരെ ആക്രമിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ വ്യോമയാന ചരിത്രത്തിൽ തന്നെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അധികൃതർ ഒരു യാത്രക്കാരനോ യാത്രക്കാരിക്കോ ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയായി ഇത് മാറിയിട്ടുമുണ്ട്.
2021 ജൂണിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിമാനം ലാസ് വേഗസിൽ നിന്ന് പറന്നുയർന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ യുവതി, അടുത്ത സീറ്റിലിരുന്ന ഒരു യാത്രക്കാരനോട് അസ്വാഭാവികമായി പെരുമാറാൻ തുടങ്ങി. യാത്രക്കാരനെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിച്ചു. പെട്ടെന്നുണ്ടായ നീക്കത്തിൽ പരിഭ്രാന്തനായ യാത്രക്കാരൻ യുവതിയെ തടഞ്ഞപ്പോൾ അവർ കൂടുതൽ അക്രമാസക്തയായി. ഇതോടെ യാത്രക്കാരൻ ജീവനക്കാരുടെ സഹായം തേടി. ഓടിയെത്തിയ ജീവനക്കാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവതി ഒരു വിധത്തിലും ശാന്തയായില്ല, മറിച്ച് കൂടുതൽ അക്രമാസക്തയായി. തനിക്ക് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിണമെന്ന് ആവശ്യപ്പെട്ടു. പൈലറ്റിന്റെ അടുത്തേക്ക് ചെന്ന് തനിക്ക് അറ്റ്‌ലാന്റ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ മറ്റൊരു യാത്രക്കാരനെയും യുവതി ആക്രമിച്ചു. ഇയാളെ പല തവണ കടിച്ച് പരിക്കേൽപ്പിച്ചു. കടുത്ത വേദന സഹിക്കാനാവാതെ യാത്രക്കാരൻ നിലവിളിച്ചത് വിമാനത്തിനുള്ളിൽ പരിഭ്രാന്തി പരത്തി. ഇതോടെ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ജീവനക്കാർ ഇവരെ ബലമായി കീഴടക്കി ഒരു സീറ്റിനോട് ചേർത്ത് ബന്ധിച്ച് ഇരുത്തുകയായിരുന്നു. മൂന്ന് മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം അറ്റ്‌ലാന്റ വിമാനത്താവളത്തിൽ ലാന്റ് ചെയ്തപ്പോൾ ഫെഡറൽ ഏവിയേഷൻ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. വിമാന സുരക്ഷയ്ക്ക് ഗുരുതര വെല്ലുവിളി ഉയർത്തിയ സംഭവമായാണ് ഇതിനെ അധികൃതർ വിലയിരുത്തിയത്.
സംഭവത്തിലെ നടപടികൾ പൂർത്തിയാക്കിയ ഫെഡറൽ ഏവിയേഷൻ അതോറിറ്റി 77,272 ഡോളറാണ് (64 ലക്ഷത്തോളം ഇന്ത്യൻ രൂപ) യുവതിക്ക് പിഴ ചുമത്തിയത്. ജീവനക്കാരുടെ നിർദേശം പാലിക്കാതിരുന്നതും യാത്രക്കാരെ ശാരീരികമായി ഉപദ്രവിച്ചതും ഉൾപ്പെടെയുള്ള വിമാനത്തിലെ മോശം പെരുമാറ്റം കണക്കിലെടുത്താണ് ഇത്രവലിയ പിഴ ചുമത്തിയത്. അമേരിക്കൻ വ്യോമയാന ചരിത്രത്തിൽ തന്നെ ഒരു യാത്രക്കാരനോ യാത്രക്കാരിക്കോ ലഭിക്കുന്ന ഏറ്റവും വലിയ പിഴയാണിത്. വിമാനത്തിലെ മോശം പെരുമാറ്റത്തിന് കടുത്ത നടപടി വരുമെന്ന സന്ദേശം നൽകാൻ കൂടിയാണ് നടപടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

