വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ബെയ്റ്റ് ലഹിയ പട്ടണത്തിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടിരുന്നു.
മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തിൽ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗൺ, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളിൽ ഇസ്രയേൽ സൈനികാക്രമണത്തിൽ ഇതുവരെ 800 റോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
അതേസമയം, വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി. വെള്ളിയാഴ്ച കമൽ അദ്‌വാൻ ആശുപത്രിയിൽ കടന്ന ഇസ്രയേൽ സൈന്യം ഒരു ദിവസത്തിനു ശേഷമാണ് പിൻവാങ്ങിയത്.
ആശുപത്രിയിൽ നിന്ന് ആരോഗ്യപ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തിരുന്നു. 70 ജീവനക്കാരിൽ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടർ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു. മേഖലയിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്.
അതിനിടെ, തെക്കൻ ടെൽ അവീവിലെ ഇസ്രയേൽ വ്യോമത്താവളത്തിലേക്കു ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ബെയ്റൂട്ടിൽ ഇന്നലെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. 19 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിനിടെ 2,653 പേരാണു ലബനനിൽ കൊല്ലപ്പെട്ടത്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 42,847 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,00,544 പേർക്കു പരുക്കേറ്റു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

