ഗാസയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
അറിയിപ്പുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഫോൺ കോളുകൾ, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴിയാൻ ആഹ്വാനം ചെയ്യുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. ഏകദേശം 100,000 ആളുകളെ മാറ്റേണ്ടിവരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്‍റെയും സമ്മർദമുണ്ടായെങ്കിലും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. ഹമാസിന്റെ ഉപാധികൾ അംഗീകരിക്കാനാവില്ലെന്നാവർത്തിച്ച ഇസ്രായേൽ ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. റഫാ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ കടുംപിടുത്തമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഒരു ലക്ഷത്തിലധികം ഫലസ്തീനികളോട് അൽ മവാസി ക്യാമ്പിലേക്ക് മാറണമെന്നാണ് ഇസ്രായേൽ സേനയുടെ ശബ്ദ സന്ദേശം. ആക്രമണത്തിന് മുൻപ് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പെന്‍റഗണ്‍ മേധാവി ലോയിഡ് ഓസ്റ്റിൽ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. കരീം അബൂ സാലിം ക്രോസിങ്ങിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം റഫാ ആക്രമണമല്ലാതെ ഇസ്രായേലിന് മുന്നിൽ മറ്റുമാർഗങ്ങളില്ലെന്നും ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. കരീം സാലിമിലെ ഖസ്സാം ബ്രിഗേഡ്സ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു.
പലസ്തീൻ കുടുംബങ്ങൾ തിങ്കളാഴ്ച റഫയുടെ കിഴക്കന്‍ പ്രദേശങ്ങൾ പലായനം ചെയ്യുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റഫയിൽ സൈനിക നടപടിക്ക് മുന്നോടിയായി ഫലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇസ്രായേൽ ഈ ആഴ്ച ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് വിശദീകരിച്ചു.വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ, ഏകദേശം ഒരു ദശലക്ഷം ആളുകൾ താമസിക്കുന്ന ഹമാസിന്റെ ശക്തികേന്ദ്രമായ റഫയിലേക്ക് ഇസ്രായേൽ സമീപഭാവിയിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഒഴിപ്പിക്കല്‍ വാര്‍ത്ത പുറത്തുവരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

