കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷത്തോളം പലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ കരയാക്രമണം നടത്തുമെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . റഫ ആക്രമിക്കാനുള്ള തീയതി കുറിച്ചുവെച്ചതായും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
“വിജയത്തിന് റഫയിൽ പ്രവേശിക്കുകയും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. ഇത് സംഭവിക്കും. അതിനുള്ള തീയതി കുറിച്ചുവെച്ചു’ -നെതന്യാഹു പറഞ്ഞു. അതേസമയം, തീയതി ഏതാണെന്ന് പറയാൻ അദ്ദേഹം തയാറായില്ല. ഗാസയിൽ സർവനാശം വിതച്ച് ഇസ്രായേൽ തുടക്കമിട്ട അധിനിവേശത്തിന് ആറുമാസം തികഞ്ഞതിന്റെ പിറ്റേന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഖാൻ യൂനിസിൽ നിന്ന് ഇസ്രായേൽ സൈനികബറ്റാലിയനുകൾ കൂട്ടത്തോടെ പിൻമാറിയതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ റഫ ആക്രമണത്തിനെതിരെ രംഗത്തുവന്നിരുന്നു. നേരത്തെ സുരക്ഷിത സ്ഥലമെന്ന് പറഞ്ഞാണ് ഗസ്സയിലുടനീളമുള്ള ജനങ്ങളെ റഫയിലേക്ക് ആട്ടിത്തെളിച്ചത്. ദശലക്ഷത്തിലധികം വരുന്ന മനുഷ്യരെ കരയാക്രമണത്തിന് മുന്നോടിയായി ഇവിടെ നിന്ന് ഒഴിപ്പിക്കൽ സാധ്യമല്ലെന്നാണ് യു.എസ് അടക്കം ചൂണ്ടിക്കാട്ടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

