യുഎഇയിൽ വിസാ, താമസ നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി എഐ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഇൻസ്‌പെക്ഷൻ കാറുകൾ രംഗത്തിറങ്ങി . ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ എഐ അധിഷ്ഠിത ഇൻസ്‌പെക്ഷൻ കാർ അവതരിപ്പിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് മേളയിലാണ് ‘ഐസിപി ഇൻസ്‌പെക്ഷൻ കാർ’ പ്രദർശിപ്പിച്ചത്.
തത്സമയ നിരീക്ഷണത്തിനും വിശകലനത്തിനുമായി അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഘടിപ്പിച്ച ഒരു മൊബൈൽ സർവൈലൻസ് യൂണിറ്റാണ് ഈ വാഹനം. 680 കിലോമീറ്റർ റേഞ്ചുള്ള പൂർണമായും ഇലക്ട്രിക് വാഹനമാണിത്. വാഹനത്തിന് ചുറ്റും പൂർണ കവറേജ് നൽകുന്നതിനായി ആറ് ഹൈ-റെസല്യൂഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾക്ക് എല്ലാ ദിശകളിലും 10 മീറ്റർ വരെ ദൂരപരിധിയിൽ വിഷ്വൽ കവറേജ് നൽകാൻ കഴിയും.
യുഎഇയിലെ കഠിനമായ കാലാവസ്ഥയെ അതിജീവിക്കാൻ ഈ കാറിന് കഴിയും. ഇത് പകലും രാത്രിയിലും പൊടിപടലങ്ങളും കനത്ത ചൂടും ഉള്ളപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കും. കൂടാതെ വാഹനത്തിനുള്ളിൽ, ഇൻസ്‌പെക്ടർമാർക്ക് തത്സമയം പരിശോധനാ ഫലങ്ങൾ കാണാനും ഉടനടി നടപടികൾ സ്വീകരിക്കാനും കഴിയുന്ന ഓപ്പറേഷണൽ ഇന്റർഫേസുകൾ ഉണ്ട്.
ക്യാമറകൾ വഴി ലഭിക്കുന്ന മുഖചിത്രങ്ങൾ അതിവേഗം വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾക്ക് കഴിയും. ഡാറ്റാബേസിലുള്ള വിവരങ്ങളുമായി ഒത്തുനോക്കി പിടികിട്ടാപ്പുള്ളികളെ ഉടനടി തിരിച്ചറിയാനും സ്മാർട്ട് അലേർട്ട് സിസ്റ്റം വഴി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാനും ഈ സംവിധാനം സഹായിക്കും. വാഹനത്തിന്റെ ഇന്റേണൽ ഡാഷ്‌ബോർഡ്, ഐസിപിയുടെ ഡാറ്റാബേസുകളുമായി നേരിട്ട് ബന്ധിപ്പിച്ച് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

