ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ അടുത്തവർഷം പ്രവർത്തനം തുടങ്ങാനിരിക്കെ യാത്രികർക്ക് ഏറെ ഗുണകരമാകുന്ന ആപ്പ് സേവനം പ്രഖ്യാപിച്ച് അധികൃതർ. ഇത്തിഹാദ് പാസഞ്ചർ ട്രെയിനിലെ യാത്രികർക്ക് തുടർ യാത്രയുടെ ഭാഗമായി മെട്രോ, ബസ്, ടാക്‌സി, മൈക്രോമൊബിലിറ്റി തുടങ്ങിയ മറ്റ് ഗതാഗത മാർഗങ്ങൾ ഒരൊറ്റ ആപ്പിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തിഹാദ് റെയിൽ ശൃംഖലയെ ‘സിറ്റിമാപ്പർ ആപ്പു’ മായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഉപയോക്താക്കൾക്ക് യാത്ര ആരംഭിക്കുന്നതു മുതൽ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് വരെയുള്ള യാത്രകൾ എളുപ്പമാക്കാൻ അപ്പ് സഹായകമാവും. ഇതിന്റെ ഭാഗമായി ഇത്തിഹാദ് റെയിൽ, യുനൈറ്റഡ് ട്രാൻസ്, സിറ്റി മാപ്പർ എന്നിവ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. പൊതുഗതാഗതം കൂടുതൽ എളുപ്പവും ആകർഷകവും ആക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്ത കരാറെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തിഹാദ് റെയിലിലെ യാത്രയുടെ ഭാഗമായി മറ്റു യാത്രാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടി വരുന്നവർക്ക് ഇവയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒട്ടേറെ ആപ്പുകൾ ഉപയോഗിക്കുന്നതിനു പകരം എല്ലാം സമന്വയിപ്പിച്ച ഒറ്റ ആപ്പ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.
യാത്രാ പ്ലാനിങ് ആപ്പായ സിറ്റി മാപ്പർ യാത്രയുടെ യഥാസമയ വിവരങ്ങൾ ഉപയോക്താവിനെ അറിയിക്കും. പോവുന്ന റൂട്ട്, ടിക്കറ്റ് നിരക്ക്, യാത്രാസൗകര്യങ്ങൾ താരതമ്യം ചെയ്യാള്ള സൗകര്യം, കൂടുതൽ ഉപയുക്തമായ യാത്രാരീതി തിരഞ്ഞെടുക്കാനുള്ള സൗകര്യം തുടങ്ങിയ ഇവയിലുണ്ടാകുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെ യിലിന്റെ പാസഞ്ചർ സർവീസിൽ ഒരു സമയം 400 പേർക്ക് സഞ്ചരിക്കാനാവും. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നിലവിൽ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
അബുദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനി ന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തി ഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്റെ യാത്ര മതി. വിവിധ എമിറേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

