പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ പ്രൊഫസർ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു. നൂറ് വയസായിരുന്നു. പൂനെയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രതിഭയാണ്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ആദ്യ സംഘത്തിലെ പ്രധാനിയായിരുന്നു ചിറ്റ്‍നിസ്. വിക്രം സാരാഭായ്ക്കൊപ്പം ചിറ്റ്നിസാണ് തുമ്പ റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയത്. ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചിന്റെ ആദ്യ അംഗങ്ങളിലൊരാളും മെമ്പർ സെക്രട്ടറിയുമായിരുന്നു. ഇൻകോസ്പാറാണ് പിന്നീട് ഐഎസ്ആർഒ ആയി മാറിയത്. എപിജെ അബ്ദുൾ കലാമിനെ ഐഎസ്ആർഒയിലേക്ക് തിരഞ്ഞെടുക്കുന്നത് ചിറ്റ്‍നിസ് അടങ്ങിയ സംഘമാണ്. കലാമിനെ എസ്എൽവി എന്ന ആദ്യ ഇന്ത്യൻ വിക്ഷേപണ വാഹന പദ്ധതിയുടെ തലപ്പത്തേക്ക് നിർദ്ദേശിച്ചതും ചിറ്റ്നിസാണ്. ഇസ്രൊ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ മേധാവിയായിരുന്നു. ഇൻസാറ്റ് ഉപഗ്രഹ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. മലേറിയ ഗവേഷണത്തിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞൻ ചേതൻ ചിറ്റ്നിസ് മകനാണ്. ചേതൻ പത്മശ്രീ ജേതാവാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

