ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്ത്. സഹായത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 30,000 പേർ മരിച്ചുവെന്നാണ് പലസ്തീൻ അതോറിറ്റി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രമേയം പാസാക്കുന്നതിൽ യു എൻ സുരക്ഷാസമിതി നിരന്തരമായി പരാജയപ്പെടുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു.
വീറ്റോ അധികാരത്തെ സെക്യൂരിറ്റി കൗൺസിലിന്റെ പ്രവർത്തനത്തെ തളർത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റുന്നുവെന്നായിരുന്നു ഗുട്ടറസിന്റെ പ്രതികരണം. പലസ്തീനിൽ വെടിനിർത്തൽ അത്യാവശ്യമാണെന്നും നിരുപാധികമായി ബന്ദികളെ വിട്ടയക്കുകയും വേണമെന്നും ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സെക്യൂരിറ്റി കൗൺസിലിന് കഴിയുമെന്നും ഗുട്ടറസ് പറഞ്ഞു.
ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്കു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 104 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൂടാതെ 760ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെ അഭൂതപൂർവമായ കൂട്ടക്കൊല എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് സമ്പൂർണമായി മാറ്റിപ്പാർപ്പിക്കാനും പലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം ഇല്ലാതാക്കാനുമുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഹമാസ് ആരോപിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

