പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. പാകിസ്ഥാന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. തങ്ങളുടെ ആഭ്യന്തര സുരക്ഷയിലെ വീഴ്ച മറച്ചു വെക്കാനും, ശ്രദ്ധ മാറ്റാനും നടത്തുന്ന പതിവു തന്ത്രം മാത്രമാണ് പാകിസ്ഥാന്റെ ആരോപണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.ബലൂചിസ്ഥാനിലെ ദീര്‍ഘകാല രാഷ്ട്രീയ, സാമ്പത്തിക പരാതികള്‍ പരിഹരിക്കുന്നതിനു പകരം അക്രമസംഭവങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് പാകിസ്ഥാന്‍ പതിവായി ചെയ്തുവരുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. അവ സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങളാണ്. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
ബലൂചിസ്ഥാനില്‍ പാക് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തല്‍, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. ബലൂചിസ്ഥാന്‍ അക്രമങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാകിസ്ഥാന്‍ സൈന്യവും ആഭ്യന്തര മന്ത്രി മോഹ്‌സിന്‍ നഖ്വിയും ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. ഇരുന്നൂറോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

