ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അടാലി​നെ നിയമിച്ചു; ഫ്രാൻസിന്റെ പുതിയപ്രധാനമന്ത്രിയുടെ പ്രായം 34

ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അടാലി​നെ നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നിയമനം. 34കാരനായ ഗബ്രിയേൽ ഫ്രാൻസിന്റെ ചരിത്രത്തി​ലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കവെയാണ് പുതിയ നിയോഗം ഇദ്ദേഹത്തെ തേടിയെത്തുന്നത്.

തിങ്കളാഴ്ച രാജിവെച്ച എലിസബത്ത് ബോണിന്റെ പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. വിദേശികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ നിയമത്തെ ചൊല്ലിയടക്കമുള്ള രാഷ്ട്രീയ പോരുകളെ തുടർന്നായിരുന്നു എലിസബത്തിന്റെ രാജി. അൾജീരിയൻ വംശജനെ പൊലീസ് വെടിവെച്ച് കൊന്നതിനെ തുടർന്നുണ്ടായ കലാപങ്ങൾ, പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരായ വ്യാപക പ്രതിഷേധം എന്നിവയെല്ലാം ഇവരുടെ രാജിയിലേക്ക് വഴിവെച്ചു.

ഗബ്രിയേൽ 2023 ജൂലൈ മുതൽ ഫ്രാൻസിന്റെ വിദ്യാഭ്യാസ, ദേശീയ യുവജന മന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫ്രാൻസിലെ പബ്ലിക് സ്കൂളുകളിൽ അബായ ധരിക്കുന്നതിനുള്ള നിരോധനം ഇദ്ദേഹത്തിന്റെ വിവാദ തീരുമാനങ്ങളിലൊന്നായിരുന്നു. ഇതിന് യാഥാസ്ഥിതിക വോട്ടർമാർ വലിയ പിന്തുണയാണ് നൽകിയത്.

ഗബ്രിയേൽ 17ആം വയസ്സിലാണ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. കോവിഡ് സമയത്ത് സർക്കാർ വക്താവായി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഫ്രാൻസിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ പ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. നേരത്തെ ലോറന്റ് ഫാബിയസിന്റെ പേരിലായിരുന്നു പ്രായം കുറഞ്ഞ ഫ്രഞ്ച് പ്രധാനമന്ത്രിയെന്ന റെക്കോർഡ്. 1984ൽ ഇദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുമ്പോൾ 37 വയസ്സായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply