പകർപ്പവകാശ ലംഘനക്കേസ്: കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി, എഡ് ഷീരൻ ഹാപ്പി

പകർപ്പവകാശ ലംഘന കേസിൽ ബ്രിട്ടീഷ് പോപ്പ് താരം എഡ് ഷീരന് അനുകൂലമായി കോടതി വിധി. താൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജൂറി കണ്ടെത്തിയതിൽ ഷീരൻ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. 1973ൽ മാർവിൻ ഗേയും എഡ് ടൌൺസെൻഡും ചേർന്നിറക്കിയ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ൻറെ കോപ്പിയടിയാണ് എഡ് ഷീരൻറെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ആൽബം എന്നായിരുന്നു ആരോപണം.

2014ൽ ഗ്രാമി അവാർഡ് നേടിയ ഗാനത്തിനെതിരെയായിരുന്നു ആരോപണം. 2017ലാണ് ഷീറനെതിരെ പകർപ്പവകാശ ലംഘന പരാതി ഉയർന്നത്. എഡ് ടൌൺസെൻഡിൻറെ മകൾ കാതറീനാണ് പരാതി നൽകിയത്. 100 മില്യൺ ഡോളർ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ തന്നെ അപമാനിക്കാനാണ് ഈ പരാതിയെന്നും കോപ്പിയടി ആരോപണം തെളിഞ്ഞാൽ സംഗീത ജീവിതം അവസാനിപ്പിക്കുമെന്നും ഷീരൻ വ്യക്തമാക്കുകയുണ്ടായി- ‘എൻറെ ഭാഗത്ത് തെറ്റുണ്ടെന്നു കോടതി കണ്ടെത്തിയാൽ ഞാൻ എല്ലാം നിർത്തും. ജീവിതം സംഗീതത്തിനായി സമർപ്പിച്ചതാണ് ഞാൻ. അതിനെ ആരെങ്കിലും വിലകുറച്ചു കാണുന്നത് സഹിക്കാനാവില്ല. ഈ ആരോപണം അപമാനമാണ്’.

കോപ്പിയടി ആരോപണത്തിൽ ഒരു വർഷത്തിനിടെ ഷീരൻ നേരിടുന്ന രണ്ടാമത്തെ വിചാരണയാണിത്. 2017ൽ വമ്പൻ ഹിറ്റായ ‘ഷേപ്പ് ഓഫ് യു’ എന്ന ഗാനത്തിനെതിരായ കേസിൽ ലണ്ടനിലായിരുന്നു വിചാരണ. കഴിഞ്ഞ വർഷം ഏപ്രിലിൽ ആ കേസ് ഷീരൻ വിജയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply