നിർമിച്ചത് റോമാക്കാർ; സൗദി മരുഭൂമിയിലെ സൈനികേന്ദ്രത്തിന് 2,000 വർഷം പഴക്കം!

റോമൻ സാമ്രാജ്യത്തിന്റെ ഒരു സൈനികേന്ദ്രം കണ്ടെത്തിയിരിക്കുന്നു ഗവേഷകർ. അതിന്റെ പഴക്കമോ, 2,000 വർഷം! രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ആ സൈനികകേന്ദ്രം സൗദി അറേബ്യൻ മരുഭൂമിയിൽ! ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് സൈനികത്താവളം കണ്ടെത്തിയത്. ഗൂഗിൾ എർത്തിന്റെ സഹായത്തോടെയാണ് ഗവേഷകർ കണ്ടെത്തൽ നടത്തിയത്. രണ്ടാം നൂറ്റാണ്ടിൽ തെക്കുകിഴക്കൻ ജോർദാനിലൂടെ സൗദിയിലേക്കുള്ള റോമൻ പ്രവേശനത്തിന്റെ തെളിവുകളാണ് സൈനികത്താവളങ്ങൾ അവശേഷിപ്പിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

എഡി 106ൽ ജോർദാനിലെ നബാതിയൻ സാമ്രാജ്യം പിടിച്ചടക്കിയതിനു പിന്നാലെയാണ് റോമാക്കാർ കോട്ടകൾ നിർമിച്ചതെന്നു ഗവേഷകർ പറഞ്ഞു. ഓരോ വശത്തും എതിർവശത്തും പ്ലേയിംഗ് കാർഡ് രൂപത്തിലുള്ള പ്രവേശന കവാടങ്ങൾ കാണാം. ഇത്തരം പ്രത്യേകതകൾ കണ്ടെത്തിയതിൽനിന്നു സൈനികത്താവളം നിർമിച്ചത് റോമൻ സൈനികരാണെന്ന് ഉറപ്പാണെന്ന് ഡോ. മൈക്കൽ ഫ്രാഡ്ലി പറഞ്ഞു. ഫ്രാഡ്ലി ആണ് സൈനികത്താവളങ്ങൾ ആദ്യം കണ്ടെത്തിയത്. ഫ്രാഡ്ലിയുടെ അഭിപ്രായത്തിൽ റോമാക്കാർ അറേബ്യൻ അധിനിവേശത്തിനുള്ള സുരക്ഷിത ബാരക്കുകളായി നിർമിച്ചതാണ് സൈനികകേന്ദ്രം.

നബാതിയൻ സാമ്രാജ്യത്തിന്റെ അവസാന രാജാവായ റാബൽ രണ്ടാമൻ സോട്ടറിന്റെ മരണത്തെത്തുടർന്ന് നബാറ്റിയന്മാർക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ തെളിവുകളാണ് സൈനികകേന്ദ്രമെന്നു ഗവേഷകർ വിശ്വസിക്കുന്നു. 70 മുതൽ 106 വരെ ഭരണത്തിലിരുന്ന നബാതിയൻ രാജാവായിരുന്നു റാബൽ. റാബലിന്റെ പിതാവ് മാലിച്ചസ് രണ്ടാമൻ മരിക്കുമ്പോൾ റാബർ കുട്ടിയായിരുന്നു. അധികാരത്തിലേറിയെങ്കിലും അദ്ദേഹത്തിന്റെ മാതാവ് ഷാക്കിലത്ത് രണ്ടാമൻ നബാറ്റിയന്റെ ഭരണം ഏറ്റെടുത്തു. 106ൽ റാബൽ മരിക്കുമ്പോൾ റോമൻ ചക്രവർത്തിയായ ട്രാജൻ അനായാസമായി നബാറ്റിയൻ രാജ്യം കീഴടക്കുകയായിരുന്നു. സേനാത്താവളം അത്ഭുതകരമായ പുതിയ കണ്ടെത്തലും അറേബ്യയിലെ റോമൻ ആധിപത്യക്കുറിച്ചു കൂടുതൽ ചരിത്രവസ്തുതകൾ വെളിപ്പെടുന്നതുമാണെന്ന് റോമൻ സൈനിക വിദഗ്ധൻ ഡോ. മൈക്ക് ബിഷപ്പ് അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply