ജപ്പാനിൽ ജൂലൈ അഞ്ചിന് വലിയ പ്രകൃതിദുരന്തമുണ്ടാകുമെന്ന് മാംഗാ ആർട്ടിസ്റ്റ് റിയോ തത്സുകി പ്രവചിച്ചിരുന്നതുപോലെ വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകം. ജപ്പാനും ഫിലിപ്പീൻസിനും ഇടയിലുള്ള കടലിനടിയിൽ ഒരു വിള്ളൽ ഉണ്ടാകുമെന്നും, ഇത് 2011-ലെ ടോഹോകു സുനാമിയേക്കാൾ മൂന്നിരട്ടി ഉയരമുള്ള തിരമാലകൾക്ക് കാരണമാകുമെന്നും അവർ പ്രവചിച്ചിരുന്നു. ഇപ്പോൾ ഈ പ്രത്യേക മേഖലയിൽ കടലിനടിയിൽ ചില അസാധാരണമായ ചലനങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇത് തത്സുകിയുയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ എന്ന ചോദ്യമുയർത്തുന്നു.
എന്താണ് സംഭവിക്കുന്നത്?
ഫിലിപ്പീൻ സീ പ്ലേറ്റ് ജപ്പാനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സബ്ഡക്ഷൻ സോണായ നാൻകായ് ട്രോഫിൽ (Nankai Trough) ‘സ്ലോ-സ്ലിപ്പ് ഭൂകമ്പങ്ങൾ’ (slow-slip earthquakes) അനുഭവപ്പെടുന്നതായി ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി.
സാധാരണയായി, പെട്ടെന്ന് ഉണ്ടാകുന്നതും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതുമായ ഭൂകമ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്ലോ-സ്ലിപ്പ് ഭൂകമ്പങ്ങൾ വളരെ സാവധാനത്തിലാണ് സംഭവിക്കുന്നത്. ഇവ പെട്ടെന്നുള്ള കുലുക്കങ്ങൾ ഉണ്ടാക്കില്ല, മറിച്ച് ദിവസേന മില്ലിമീറ്റർ നിരക്കിൽ മാത്രം ഭൂമിയിലൂടെ പതിയെ സഞ്ചരിക്കുകയും സമ്മർദ്ദം പുറത്തുവിടുകയും ചെയ്യുന്നു. ഈ പ്രതിഭാസം അപൂർവ്വമാണ്. പസഫിക് സമുദ്രത്തിനടിയിൽ, ജപ്പാന്റെ തീരത്താണ് ഇവ കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ജപ്പാൻ നേരിടുന്ന ഭൂകമ്പ, സുനാമി ഭീഷണികളിൽ നാൻകായ് ട്രോഫ് മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
അഡ്വാൻസ്ഡ് ബോർഹോൾ ഒബ്‌സർവേറ്ററികൾ ഉപയോഗിച്ച്, ശാസ്ത്രജ്ഞർ ഈ തകരാറിനടുത്ത് സൂക്ഷ്മമായ ഭൂകമ്പ ചലനങ്ങൾ കണ്ടെത്തി. ഈ മേഖലയിൽ വർഷങ്ങളായി നേരിയ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, അവ കണ്ടെത്താൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണെന്നും പഠനം പറയുന്നു.
ജപ്പാനിലെ ഫോൾട്ട് ലൈനുകൾ
2015-ലും പിന്നീട് 2020-ലും സ്ലോ-സ്ലിപ്പ് ഭൂകമ്പങ്ങൾ ആദ്യമായി നിരീക്ഷിക്കപ്പെട്ടു. പുതിയ ബോർഹോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഈ തകരാറിന്റെ 20 മൈലോളം ഭാഗത്ത് നേരിയ പ്രകമ്പനങ്ങൾ അനുഭവപ്പെടുന്നതായി കണ്ടെത്തി. ജപ്പാനിലെ കിയീ പെനിൻസുലയിൽ നിന്ന് ഏകദേശം 30 മൈൽ അകലെയാണ് ഈ ചലനം ആരംഭിച്ചത്.
കടലിനടിയിൽ നൂറുകണക്കിന് അടി താഴ്ചയിൽ കുഴിച്ചാണ് ശാസ്ത്രജ്ഞർ ബോർഹോൾ സാങ്കേതികവിദ്യ ഉപയോഗിച്ചത്. കടലിനടിയിൽ ഫോൾട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നുള്ള തത്സമയ വിവരങ്ങൾ ഇത് നൽകുന്നു. ഡാറ്റ വിശകലനം ചെയ്ത ജോഷ് എഡ്ജിംഗ്ടൺ സ്ലോ-സ്ലിപ്പ് ഭൂകമ്പങ്ങളെ ‘പ്ലേറ്റ് ഇന്റർഫേസിലൂടെ നീങ്ങുന്ന ഒരു ഓളത്തിന്’ സമാനമായാണ് വിശേഷിപ്പിച്ചത്. ഈ ഭൂകമ്പങ്ങൾ പെട്ടെന്നുള്ള നാശമുണ്ടാക്കുന്നില്ലെങ്കിലും, സബ്ഡക്ഷൻ സോണുകളിലെ തകരാറുകളുടെ സ്വഭാവവും അവയ്ക്ക് സുനാമികൾ ഉണ്ടാക്കാനുള്ള സാധ്യതയും മനസ്സിലാക്കാൻ ഇവ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, പസഫിക് നോർത്ത് വെസ്റ്റിലെ കാസ്‌കേഡിയ ഫോൾട്ട് വ്യത്യസ്തമാണ്. ഇത് നാൻകായിയെ അപേക്ഷിച്ച് ‘നിശബ്ദമാണ്’. ഈ തകരാർ പൂട്ടിയിരിക്കുകയാണെങ്കിൽ ഊർജ്ജം അടിഞ്ഞുകൂടുകയും പിന്നീട് മാഗ്‌നിറ്റിയൂഡ്-9 മെഗാത്രസ്റ്റ് ഭൂകമ്പങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നതാണ് ആശങ്ക. സമാനമായ ബോർഹോൾ ഒബ്‌സർവേറ്ററികൾ കാസ്‌കേഡിയയിലും പസഫിക് ‘റിംഗ് ഓഫ് ഫയറിലെ’ മറ്റ് ഫോൾട്ട് ലൈനുകളിലും സ്ഥാപിക്കാൻ ശാസ്ത്രജ്ഞർ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.