ഇത്തവണത്തെ നോബൽ സമാധാന പുരസ്‌കാരം ധീരയും പ്രതിബദ്ധതയുമുള്ള ഒരു സമാധാന പോരാളിക്കുള്ളതാണ് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ച് കൊണ്ട് നോർവീജിയൻ നോബൽ കമ്മിറ്റി പറഞ്ഞ വാക്കുകളാണിത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള അക്ഷീണമായ പോരാട്ടത്തിനും, ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുമായുള്ള ശ്രമങ്ങളും പരിഗണിച്ച്, വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025ലെ സമാധാന നൊബേൽ ലഭിച്ചത്.
വെനസ്വേലയിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിലെ ഒരു കേന്ദ്രബിന്ദുവായാണ് മരിയ കൊറീന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകളായുള്ള നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ വ്യക്തിത്വം. ഭീഷണികളെയും അറസ്റ്റുകളെയും രാഷ്ട്രീയപരമായ പീഡനങ്ങളെയും ധൈര്യപൂർവ്വം അതിജീവിച്ചു. നിരന്തരമായ ഭീഷണി നിലനിൽക്കെ വെനസ്വേലയിൽ തന്നെ തുടരുകയും ലക്ഷകണക്കിന് ആളുകൾക്ക് പ്രചോദനമായി മാറുകയും ചെയ്ത ഒരു നേതാവാണ് മരിയ കൊറീന.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് പ്രാഥമിക റൗണ്ടിൽ വിജയിച്ചെങ്കിലും, മഡുറോ ഭരണകൂടം ഇവരെ അയോഗ്യയാക്കി.
ഭിന്നിച്ച പ്രതിപക്ഷത്തെ ഒന്നിപ്പിച്ച ഒരു ശക്തിയായി നോബൽ കമ്മിറ്റി അവരെ വിശേഷിപ്പിച്ചു. 2024ലെ വെനസ്വേലൻ തിരഞ്ഞെടുപ്പിൽ ഭരണകൂടം അവരുടെ സ്ഥാനാർത്ഥിത്വം തടഞ്ഞപ്പോൾ മച്ചാഡോ പ്രതിപക്ഷ പ്രതിനിധിയായ എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയെ പിന്തുണച്ചു. ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും, പോളിംഗ് സ്റ്റേഷനുകൾ നിരീക്ഷിക്കാനും കണക്കുകൾ രേഖപ്പെടുത്താനും തിരഞ്ഞെടുപ്പ് തട്ടിപ്പുകൾ തുറന്നുകാട്ടാനുമുള്ള പൗരന്മാരുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്ക് അവർ മേൽനോട്ടം വഹിച്ചു.
ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്‌സിൽ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചതിന് ശേഷം 2014ൽ പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടു. ബിബിസിയുടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളിൽ ഒരാളായി 2018ൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ലെ ചാൾസ് ടി. മാനറ്റ് പുരസ്‌കാരം, 2015ലെ ലിബർട്ടാഡ് കോർട്ടെസ് ഡി കാഡിസ് പുരസ്‌കാരം , 2019ലെ ലിബറൽ ഇന്റർനാഷണൽ ഫ്രീഡം പ്രൈസ് എന്നിവ ലഭിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

