ഈ മാസം 15 മുതൽ 17 വരെ കാനഡയിലെ കനാനാസ്‌കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി ക്ഷണിച്ചു.
മധ്യപൂർവേഷ്യ കേന്ദ്രീകരിച്ച് ശക്തമാകുന്ന ഭൗമരാഷ്ട്രീയ നയതന്ത്രത്തിൽ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് കിരീടാവകാശിയെ ക്ഷണിച്ചത്.
ഗസ്സയിലെ ഇസ്രായേലി ആക്രമണം, ഉക്രൈൻ-റഷ്യ യുദ്ധം എന്നിവയിൽ പരിഹാരം കാണാൻ നടത്തുന്ന തന്ത്രപരമായ ഇടപെടലുകളുടെ പ്രാധാന്യവും ആഗോള ഊർജ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിലെ നിർണായക റോളും സൗദി അറേബ്യയെ അവഗണിക്കാനാവാത്ത ശക്തിയാക്കി മാറ്റിയതും ഈ ക്ഷണത്തിന് കാരണമായതായി ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നു.