കടുത്ത മുന്നറിയിപ്പ് നൽകി യുഎൻ സെക്രട്ടറി ജനറൽ; കഴിഞ്ഞ 50 വർഷത്തെ ഞെട്ടിക്കുന്ന കണക്കുകൾ

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളിൽ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ല എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ മുന്നറിയിപ്പ്. ജീവനും സമ്പദ്‌വ്യവസ്ഥയ്ക്കും സംരക്ഷണം നൽകാൻ അതിവേഗ മുന്നറിയിപ്പ് സംവിധാനങ്ങൾ വിപുലീകരിക്കണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങളുടെ കൃത്യമായ പ്രവചനങ്ങളില്ലാതെ മുന്നോട്ട് എന്താണ് വരാനിരിക്കുന്നതെന്നോ അതിനായി എങ്ങനെ തയ്യാറെടുക്കണമെന്നോ ഞങ്ങൾക്ക് അറിയാൻ കഴിയില്ലെന്ന് ഡബ്ല്യുഎംഒ കോൺഫറൻസ് ചേംബറിലെ സംവാദത്തിൽ ഗുട്ടെറസ് പറഞ്ഞു.

“നിങ്ങളുടെ ദീർഘകാല നിരീക്ഷണം ഇല്ലെങ്കിൽ, ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവനുകളും ശതകോടിക്കണക്കിന് ഡോളറും സംരക്ഷിക്കുന്ന മുന്നറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങൾക്ക് ലഭിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും നേരത്തെയുള്ള മുന്നറിയിപ്പുകൾ’ എന്ന സംരംഭത്തിനായി വേഗത്തിൽ പ്രവർത്തിക്കാൻ ഒരു അടിയന്തര ആഹ്വാനം ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്റ്റെ സൗലോ ഈ ഉന്നതതല യോഗത്തിൽ നൽകി. വിവിധ ദുരന്തങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ വർദ്ധിപ്പിക്കുക, കാലാവസ്ഥാ സേവനങ്ങൾ ശക്തിപ്പെടുത്തുക, നിരീക്ഷണ ശൃംഖലകളും ഡാറ്റാ കൈമാറ്റവും വിപുലീകരിക്കുക, ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗം അടിവരയിട്ട് പറഞ്ഞത്.

വർദ്ധിച്ചു വരുന്ന നഷ്ടങ്ങൾ
കഴിഞ്ഞ 50 വർഷത്തിനിടെ കാലാവസ്ഥ, ജലം, മറ്റ് അനുബന്ധ ദുരന്തങ്ങൾ എന്നിവ 20 ലക്ഷത്തിലധികം ആളുകളുടെ ജീവൻ കവർന്നു. ഈ മരണങ്ങളിൽ 90 ശതമാനം സംഭവിച്ചത് വികസ്വര രാജ്യങ്ങളിലാണ്. തീവ്ര കാലാവസ്ഥാ സംഭവങ്ങൾ കൂടുതൽ പതിവായി മാറുന്നതിനാൽ സാമ്പത്തിക നഷ്ടവും വർദ്ധിക്കുകയാണ്. യുഎൻ സെക്രട്ടറി ജനറൽ 2022ൽ ആരംഭിച്ച ‘എല്ലാവർക്കും നേരത്തെയുള്ള മുന്നറിയിപ്പുകൾ’ സംരംഭത്തിന് ഡബ്ല്യുഎംഒ, യുഎൻ ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ, ഇന്‍റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ, ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് എന്നിവ സംയുക്തമായാണ് നേതൃത്വം നൽകുന്നത്.

2024 ആയപ്പോഴേക്കും, 108 രാജ്യങ്ങൾ വിവിധ ദുരന്തങ്ങളെ നേരിടാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2015ൽ ഇത് 52 രാജ്യങ്ങൾ മാത്രമായിരുന്നു. 2025ലും ഈ പുരോഗതി തുടരുന്നു. ഈ സംരംഭം പ്രധാനമായും നാല് തൂണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

ദുരന്ത സാധ്യതകളെക്കുറിച്ചുള്ള അറിവ്: (നേതൃത്വം: യുഎൻഡിആർആർ)

കണ്ടെത്തൽ, നിരീക്ഷണം, പ്രവചനം: (നേതൃത്വം: ഡബ്ല്യുഎംഒ)

മുന്നറിയിപ്പ് കൈമാറ്റവും ആശയവിനിമയവും: (നേതൃത്വം: ഐടിയു)

തയ്യാറെടുപ്പും പ്രതികരണ ശേഷിയും: (നേതൃത്വം: ഐഎഫ്ആർസി)

ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ പരിമിതമായ രാജ്യങ്ങളിൽ, ദുരന്ത മരണനിരക്ക് ആറ് മടങ്ങും ബാധിക്കപ്പെടുന്ന ആളുകളുടെ എണ്ണം നാല് മടങ്ങും കൂടുതലാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ സർക്കാരുകളും അവരുടെ നയങ്ങളിലും സ്ഥാപനങ്ങളിലും ബജറ്റുകളിലും ഏകോപനത്തിലൂടെ നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡബ്ല്യുഎംഒ ആവശ്യപ്പെട്ടു. ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിന് അനുസൃതമായി, ഭാവിയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി പുനരുപയോഗ ഊർജ്ജം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ധീരമായ പുതിയ ദേശീയ കാലാവസ്ഥാ കർമ്മ പദ്ധതികൾ രാജ്യങ്ങൾ നടപ്പിലാക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply