‘ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമില്ല’; യു എന്നിൽ നിലപാട് വ്യക്തമാക്കി റഷ്യ

അധിനിവേശ രാജ്യമായ ഇസ്രായേലിന് സ്വയംപ്രതിരോധത്തിന് അവകാശമില്ലെന്ന് റഷ്യ. യു.എന്നിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. യു.എന്നിലെ റഷ്യൻ പ്രതിനിധി വാസ്‍ലി നെബെൻസിയ ആണ് ബുധനാഴ്ച നടന്ന യു.എൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. സ്വന്തം സുരക്ഷ ഉറപ്പാക്കാനും തീവ്രവാദത്തെ പ്രതിരോധിക്കാനും ഇസ്രായേലിന് അവകാശമുണ്ട്. എന്നാൽ, ഈ അവകാശം പൂർണമായും ലഭിക്കണമെങ്കിൽ നമ്മൾ പലസ്തീൻ പ്രശ്നം പരിഹരിക്കണം. യു.എൻ സുരക്ഷാസമിതിയുടെ പ്രമേയങ്ങൾ അനുസരിച്ചാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. നൂറ്റാണ്ടുകളായി ജൂത ജനത പീഡനം അനുഭവിച്ചു. അന്ധമായ പ്രതികാരത്തിന്റെ പേരിൽ നഷ്ടപ്പെട്ട നിരപരാധികളുടെ ജീവനുകൾ, സാധാരണക്കാരുടെ കഷ്ടപ്പാടുകൾ എന്നിവ നീതി പുനഃസ്ഥാപിക്കുകയോ മരിച്ചവരെ ജീവിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യില്ലെന്ന് മറ്റാരേക്കാളും നന്നായി ജൂതന്മാർ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

യു.എസി​ന്റേയും മറ്റ് സഖ്യരാജ്യങ്ങളുടേയും കാപട്യം ഇപ്പോൾ പുറത്ത് വരികയാണ്. മുമ്പൊക്കെ സംഘർഷമുണ്ടാവുമ്പോൾ മനുഷ്യാവകാശ നിയമങ്ങൾ ബഹുമാനിക്കാൻ പറയുന്ന യു.എസ് അന്വേഷണ കമ്മിറ്റികളെ നിയമിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമായിരുന്നു. വർഷങ്ങളായി തുടരുന്ന അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള അവസാന ആശ്രയമെന്ന നിലയിൽ യഥാർത്ഥത്തിൽ ബലപ്രയോഗം നടത്തുന്നവർക്കെതിരെയാണ് ഇത്തരത്തിൽ യു.എസ് നടപടികൾ സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

ഗാസയിൽ ഇസ്രായേൽ ഇന്നും വ്യോമാക്രമണം തുടർന്നു. പുലർച്ചെയോടെ ഗസ്സയിലെ കരാമ മേഖലയിൽ ആക്രമണമുണ്ടായി. തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് ആംബുലൻസ് സർവിസുകൾക്ക് പോലും ആക്രമണമേഖലയിലെത്താൻ സാധിക്കാത്ത സാഹചര്യമാണ്. ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി. 100 പേരെ കാണാതായി. ഗാസ സർക്കാറിന്റെ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ട് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. 777 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റതെന്നും അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply