ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ; പ്രഖ്യാപനവുമായി വൈറ്റ്ഹൗസ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാർ അധികം വൈകാതെ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യയുമായി വലിയ വ്യാപാര കരാർ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് നിർണായക പ്രഖ്യാപനം നടത്തിയത്.

ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും വ്യാപാര കരാറിൽ വൈകാതെ തന്നെ അന്തിമ ധാരണയിലെത്തുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ദൃഢബന്ധം ഇതിനു വഴിയൊരുക്കി എന്നും കരോലിൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള വ്യാപാരകരാറുമായി ബന്ധപ്പെട്ട് സെക്രട്ടറി ഓഫ് കൊമേഴ്സുമായി സംസാരിച്ചുവെന്നും കരാറിന് അന്തിമ രൂപം നൽകികൊണ്ടിരിക്കുകയാണെന്നും കരോലിൻ ലിവിറ്റ് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിൽ ചൈന സാമ്പത്തികമായും സൈനികപരമായും പിടിമുറുക്കുന്നതിന് ബദലായി അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കിടെയാണ് ഇന്ത്യയുമായി ശക്തമായ ബന്ധം തുടരുമെന്ന വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം വരുന്നത്. എന്നാൽ വ്യാപാര കരാർ എപ്പോൾ ഉണ്ടാകുമെന്നോ സമയപരിധിയെക്കുറിച്ചോ വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടില്ല

Leave a Reply