ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മാതൃക; അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി ട്രംപ്

അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചടങ്ങളില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ട്രംപ്. വോട്ടുചെയ്യുന്നതിന് അമേരിക്കന്‍ പൗരന്മാര്‍ ആണെന്ന രേഖ കാണിക്കേണ്ടത് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളാണ് വരുത്താനൊരുങ്ങുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് രീതികള്‍ ചൂണ്ടിക്കാണിച്ചാണ് ട്രംപ് പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ ആധുനിക കാലത്ത് വികസിത-വികസ്വര രാജ്യങ്ങള്‍ പലതും നടപ്പാക്കിവരുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ പലതും സ്വീകരിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ചപറ്റിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്. എന്നാല്‍ അമേരിക്കയില്‍ അങ്ങനെയല്ലെന്ന് ട്രംപ് പറഞ്ഞു.

ജര്‍മനിയും കാനഡും അടക്കമുള്ള രാജ്യങ്ങള്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അമേരിക്കയിലാകട്ടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ഡെന്മാര്‍ക്കും സ്വീഡനും പോലെയുള്ള രാജ്യങ്ങള്‍ മെയില്‍-ഇന്‍ വോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിവരുന്ന വോട്ടുകള്‍ എണ്ണാറില്ല. എന്നാല്‍ അമേരിക്കയില്‍ അക്കാര്യത്തിലും വീഴ്ചയുണ്ടാകാറുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വോട്ടുചെയ്യുന്നതിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടോ, ജനന സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കുന്ന തരത്തിലാണ് ചടങ്ങള്‍ ഭേദഗതി ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ വോട്ടര്‍പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. അമേരിക്കന്‍ പൗരന്മാര്‍ അല്ലാത്തവരെ ഫെഡറല്‍ ഏജന്‍സികള്‍ കണ്ടെത്തണം. തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുന്നതിനായി വിദേശ സംഭാവനകള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply