ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂർ അധികൃതർ. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീൻ ഓക്സൈഡ് എന്ന കീടനാശിനി കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്പന്നം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സിംഗപ്പൂർ ഫുഡ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 18നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ എസ്.പി മുത്തയ്യ ആന്റ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് എവറസ്റ്റ് ഫിഷ് കറി മസാല സിംഗപ്പൂരിൽ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ എത്തിലീൻ ഓക്സൈഡ് എന്ന കീടനാശിനി മനുഷ്യ ഉപയോഗത്തിന് ഒട്ടും അനിയോജ്യമായ പദാർത്ഥമല്ല.
അനുവദനീയമായ പരിധിക്കപ്പുറം ഇതിന്റെ അളവ് എവറസ്റ്റ് ഫിഷ് കറി മസാലയിൽ കണ്ടെത്തിയതായി സിഗപ്പൂർ ഫുഡ് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു. ഈ കാരണം കൊണ്ടുതന്നെ ഉത്പന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റി നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ഇതിനുള്ള നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.
കാർഷിക ഉത്പന്നങ്ങളിൽ സൂക്ഷ ജീവികൾ വളരുന്നത് തടയാൻ ഉപയോഗിക്കുന്ന കീടനാശിനിയാണ് എത്തിലീൻ ഓക്സൈഡ്. പുകയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇവ ഭക്ഷ്യ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്. സിംഗപ്പൂരിലെ നിയമമനുസരിച്ച് സുഗന്ധവ്യജ്ഞനങ്ങളിൽ അനുവദനീയമായ അളവിൽ അധികം എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് എവറസ്റ്റ് ഫിഷ് കറി മസാല ഭീഷണിയാണെന്നും സിംഗപ്പൂർ അധികൃതർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

