എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു. രണ്ടാമത്തെ വിമാനത്തിന്‍റെ പൈലറ്റിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. രക്ഷാപ്രവർത്തകർ ഉടനെ സംഭവ സ്ഥലത്തെത്തി. ബെജ വിമാനത്താവളത്തിലെ ഷോ താൽക്കാലികമായി നിർത്തിവെച്ചെന്ന് സംഘാടകർ അറിയിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ആറ് വിമാനങ്ങൾ പറന്നുയരുന്നത് ദൃശ്യത്തിൽ കാണാം. അവയിലൊന്ന് മറ്റൊന്നിൽ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു. ആറ് വിമാനങ്ങളും ‘യാക്ക് സ്റ്റാർസ്’ എന്ന എയറോബാറ്റിക് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് പോർച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സിവിൽ എയറോബാറ്റിക്സ് ഗ്രൂപ്പായിട്ടാണ് സംഘാടകർ അവതരിപ്പിച്ചതെന്നും പരിപാടി കാണാനെത്തിയവർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

