അബൂദബിയിലും അൽ ഐനിലും ഇൻഡിഗോ യാത്രക്കാർക്കായി മൊറാഫിഖ് ഏവിയേഷൻ സർവീസസ് സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രങ്ങളിൽ എത്തി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ കാത്തുനിൽക്കാതെ നേരിട്ട് എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാൻ സാധിക്കുമെന്നതാണ് ഈ സൗകര്യത്തിന്റെ പ്രധാന നേട്ടം.
അബൂദബിയിലെ മീന ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. മുസ്സഫയിലെ ഷാബിയാ പതിനൊന്ന്, യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈറ്റാറ്റ് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം പ്രവർത്തിക്കുന്നത്. അൽ ഐനിലെ ഈ കേന്ദ്രത്തിലെ സേവനം സെപ്റ്റംബർ ഒന്നു മുതലാണ് ആരംഭിക്കുക. അൽ ഐൻ കേന്ദ്രത്തിൽ സിറ്റി ചെക്ക്-ഇൻ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂറാണ്.
ഇൻഡിഗോയ്ക്ക് പുറമെ ഇത്തിഹാദ് എയർവേഴ്സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഈ സൗകര്യം ലഭ്യമാണ്. യാത്രക്കാരുടെ വീടുകളിൽ ചെന്ന് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിക്കുന്ന ഹോം ചെക്ക്-ഇൻ, അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജുകൾ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാൻഡ് ആൻഡ് ലീവ് തുടങ്ങിയ സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 800 6672347 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

