ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന പ്രതിസന്ധി ഇന്നും തുടരുകയാണ്. ഇന്നലെ മാത്രം 550-ഓളം സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. ഈ പ്രതിസന്ധി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. ഡൽഹിയിൽനിന്ന് ഇന്ന് അർദ്ധരാത്രി വരെയുള്ള ഇൻഡിഗോയുടെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ വൈകുന്നേരം ആറുമണി വരെയുള്ള സർവീസുകളും റദ്ദാക്കി. ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ ജീവനക്കാരോട് കയർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിമാനം എപ്പോൾ പുറപ്പെടുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പോലും ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. വിമാനത്താവളങ്ങളിൽ പലരും 12 മണിക്കൂറിലധികമാണ് കുടുങ്ങിയത്. നിലത്ത് വിശ്രമിക്കുന്ന യാത്രക്കാരുടെയും കൂട്ടിയിട്ടിരിക്കുന്ന ലഗേജുകളുടെയും ചിത്രങ്ങൾ പുറത്തുവന്നു. ഭക്ഷണവും വെള്ളവും പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് പലരും. പ്രതിഷേധത്തിന്റെ ഭാഗമായി യാത്രക്കാർ ഇൻഡിഗോയ്ക്ക് എതിരെ മുദ്രാവാക്യങ്ങൾ വരെ മുഴക്കി. വിമാന സർവീസുകൾ താളം തെറ്റിയത് കേരളത്തിലെ യാത്രക്കാരെയും സാരമായി ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളായി യാത്രക്കാർ കാത്തിരിക്കുകയാണ്.
ഇന്ന് രാവിലെ 8.05-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം അനിശ്ചിതമായി വൈകി. രാവിലെ 11.40-ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം വിമാനം റദ്ദാക്കുകയും ചെയ്തു. വെള്ളിയാഴ്ച ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-അബുദാബി വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നുണ്ട്. വിമാന സർവീസുകൾ ക്രമം തെറ്റിയതിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ രംഗത്തെത്തി. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായി കമ്പനി പ്രതികരിച്ചു. ഷെഡ്യൂൾ ചെയ്ത മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഇൻഡിഗോ അറിയിച്ചു. അതേസമയം, ഡിസംബർ 8 മുതൽ സർവീസുകൾ വെട്ടിച്ചുരുക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. സർവീസ് പൂർണ്ണതോതിൽ സാധാരണ നിലയിലാക്കാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് കമ്പനി ഡിജിസിഎയെ അറിയിച്ചത്. അതുവരെ വിമാന സർവ്വീസുകൾ വെട്ടിക്കുറയ്ക്കും. നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഡിഗോ വ്യക്തമാക്കി.

