Headlines

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമിത നിരക്ക് ഈടാക്കുന്നവരെ കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജൻറുമാർക്കെതിരെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വീണ്ടും ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ നവംബറിൽ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ അറിയിപ്പ്.യുഎഇ നിയമം അനുസരിച്ച്, മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും തൊഴിലുടമയോ സ്‌പോൺസറോ ആണ് വഹിക്കേണ്ടത്. എന്നാൽ, സ്‌പോൺസറോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാത്ത സാഹചര്യങ്ങളിൽ, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ICWF) നിന്ന് കോൺസുലേറ്റ് സാമ്പത്തിക സഹായം നൽകും.

വിവിധ സേവനങ്ങൾക്ക് അംഗീകരിച്ച നിരക്കുകൾ കോൺസുലേറ്റ് പുറത്തുവിട്ടു.

മരണ സർട്ടിഫിക്കറ്റ്: 110-140 ദിർഹം

എംബാമിംഗ്: 1072 ദിർഹം

ആംബുലൻസ് (ദുബായ്): 220 ദിർഹം (മറ്റ് എമിറേറ്റുകളിൽ നിരക്കിൽ വ്യത്യാസം വരാം)

ശവപ്പെട്ടി: 1840 ദിർഹം

എയർ കാർഗോ: 1800-2500 ദിർഹം (ഇത് വിമാനക്കമ്പനിയും ലക്ഷ്യസ്ഥാനവും അനുസരിച്ച് മാറും)

ഈ നിരക്കുകൾക്ക് പുറമേ, കോൺസുലേറ്റ് അംഗീകാരമുള്ള സംഘടനകൾക്ക് ചെറിയൊരു സർവീസ് ചാർജ് ഈടാക്കാമെന്നും കോൺസുലേറ്റ് വ്യക്തമാക്കി. ദുബായിൽ നിന്നും വടക്കൻ എമിറേറ്റുകളിൽ നിന്നും മൃതദേഹം കൊണ്ടുപോകുന്നതിന് അംഗീകാരമുള്ള സംഘടനകളുടെ പട്ടിക കോൺസുലേറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply