ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ (98 പന്തിൽ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശർമയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വർമ (87), ദീപ്തി ശർമ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

