ഇന്ത്യയുമായി വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിന് മറുപടിയായി എക്‌സിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവിയൊരുക്കാനും ചർച്ചകൾ സഹായിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ സാധ്യതകൾക്ക് അതിരുകളില്ല. ചർച്ചകളിലൂടെ ഈ സാധ്യതകൾ തുറക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിയുന്നത്ര വേഗം ഈ ചർച്ചകൾ ഫലപ്രാപ്തിയിലെത്തിക്കാൻ ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.- ‘ട്രംപിന്റെ കുറിപ്പ് പങ്കുവെച്ച് മോദി ഇങ്ങനെ കുറിച്ചു:
നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച്, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% തീരുവയും 25% അധിക പിഴയും ചുമത്തിയതിന് ശേഷമാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഈ പുതിയ പ്രസ്താവന വന്നത്. അടുത്തിടെ വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിൽ ഇന്ത്യയുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടെന്നും മോദി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ട്രംപ് ചുമത്തിയ താരിഫുകളുടെ നിയമസാധുതയെ സംബന്ധിച്ചുള്ള ഹർജി നവംബറിൽ പരിഗണിക്കുമെന്ന് യുഎസ് സുപ്രീം കോടതി അറിയിച്ചു. മുൻപ്, പ്രഖ്യാപിച്ച താരിഫുകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി വിധിച്ചതിനെ തുടർന്നാണ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.

